Ravindra Jadeja: ഇന്ത്യന്‍ പിച്ചില്‍ ഇങ്ങനെ തുഴയുന്നവനെയാണോ ലോകകപ്പ് കളിക്കാന്‍ കൊണ്ടുപോകുന്നത്? ചെന്നൈ തോറ്റത് ജഡേജ കാരണമെന്ന് വിമര്‍ശനം

രേണുക വേണു

തിങ്കള്‍, 1 ഏപ്രില്‍ 2024 (10:52 IST)
Ravindra Jadeja

Ravindra Jadeja: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റതിനു പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു വിമര്‍ശനം. ബാറ്റിങ്ങില്‍ ജഡേജയുടെ മെല്ലെപ്പോക്കാണ് തോല്‍വിക്ക് കാരണമെന്ന് ചെന്നൈ ആരാധകര്‍ അടക്കം കുറ്റപ്പെടുത്തി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിനാണ് ചെന്നൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 
 
17 പന്തുകളില്‍ നിന്ന് വെറും 21 റണ്‍സ് മാത്രമാണ് ജഡേജ നേടിയത്. രണ്ട് ഫോറുകള്‍ മാത്രമാണ് ജഡേജയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ജഡേജ അല്‍പ്പം അഗ്രസീവ് ആയി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഉറപ്പായും ചെന്നൈ ജയിച്ചേനെ എന്നാണ് ആരാധകര്‍ പറയുന്നത്. സമീര്‍ റിസ്വി പുറത്തായപ്പോള്‍ ഏഴാമനായാണ് ജഡേജ ക്രീസിലെത്തിയത്. 38 ബോളില്‍ 90 റണ്‍സായിരുന്നു ആ സമയത്ത് ചെന്നൈയുടെ വിജയലക്ഷ്യം. സിംഗിളുകളിലൂടെയാണ് ജഡേജ ഈ സമയത്ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 
 
മുകേഷ് കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ ചെന്നൈ നേടിയത് വെറും അഞ്ച് റണ്‍സാണ്. ഈ ഓവറില്‍ ഫുള്‍ ടോസ് ബോള്‍ അടക്കം കണക്ട് ചെയ്യാന്‍ ജഡേജ ബുദ്ധിമുട്ടിയിരുന്നു. ഇന്ത്യന്‍ പിച്ചില്‍ പോലും റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന ജഡേജയെ ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നത് മണ്ടത്തരമാണെന്നും ആരാധകര്‍ പറയുന്നു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ജഡേജയ്ക്ക് മുന്‍പ് ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ധോണി എത്തിയിരുന്നെങ്കില്‍ കളിയുടെ ഫലം മറ്റൊന്ന് ആകുമായിരുന്നെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍