തിരുമ്പി വന്തിട്ടേന്ന് സൊല്ല്, അടിച്ചുപറത്തി വാട്‌സൺ; വിജയവഴിയിൽ ചെന്നൈ

ബുധന്‍, 24 ഏപ്രില്‍ 2019 (11:14 IST)
തിരുമ്പി വന്തിട്ടേന്ന് സൊല്ല്, അടിച്ചുപറത്തി വാട്‌സൺ; വിജയവഴിയിൽ ചെന്നൈ
ചെന്നൈ, ഐ പി എൽ, ക്രിക്കറ്റ്, ഹൈദരാബാദ്
Chennai, IPL, Cricket, Hydarabad
 
 
ഐ പി എല്ലിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം നിലവിലെ ചാംമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് വിജയവഴിയിൽ വീണ്ടും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ഈ സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ തോൽ‌വി ഹൈദരാബാദിനോടായിരുന്നു. ആറ് വിക്കറ്റിനായിരുന്നു ചെന്നൈ ഹൈദരാബാദിനോട് പരാജയം സമ്മതിച്ചത്.  എം എ ചിദംബരം സ്റ്റേഡിയത്തിൽ അതേ മാര്‍ജിനില്‍ തന്നെ ഹൈദരാബാദിനോട് കണക്കുതീര്‍ക്കുകയായിരുന്നു സിഎസ്‌കെ. 
 
ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്നു വിക്കറ്റിന് 175 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. 83 റൺസെടുത്ത മനീഷ് പാണ്ഡെയും 57 റൺസ് നേടിയ ഡേവിഡ് വാർണറുമാണ് ഹൈദരാബാദിന് വിജയ പ്രതീക്ഷ നൽകിയത്. 
 
ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ചെന്നൈ പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-പാണ്ഡെ സഖ്യം 115 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിന് ശക്തമായ അടിത്തറ പാകി. വിജയ് ശങ്കറാണ് (26) ടീമിന്റെ മറ്റൊരു സ്‌കോറര്‍. പക്ഷേ, ഹൈദരാബാദിന്റെ പ്രതീക്ഷകളെല്ലാം സി എസ് കെ നിമിഷ നേരങ്ങൾക് കൊണ്ട് പൊളിച്ചടുക്കുകയായിരുന്നു.  
 
മറുപടി ബാറ്റിംഗിനിറങ്ങിയ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് സിഎസ്‌കെയ്ക്കു കരുത്തായി. 96 റൺസാണ് വാട്‌സൺ അടിച്ചെടുത്തത്. 53 പന്തില്‍ ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് വാട്‌സന്‍ 96 റണ്‍സെടുത്തത്. സെഞ്ച്വറിയിലേക്കുള്ള കുതിപ്പിൽ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങില്‍ ജോണി ബെയര്‍സ്‌റ്റോ വാട്‌സണെ പിടിച്ചു കെട്ടുകയായിരുന്നു. വെറും നാല് റൺ അകലെയാണ് വാട്സണ് സെഞ്ച്വറി നഷ്ടമായത്. 
 
വാട്‌സനെക്കൂടാതെ സുരേഷ് റെയ്‌ന (38), അമ്പാട്ടി റായുഡു(21) എന്നിവരും സിഎസ്‌കെയ്ക്കു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കി. നിലവിൽ ചെന്നൈ ആണ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍