ധോണി ഷോ ഏറ്റില്ല, സിംഗിളുകള്‍ നിഷേധിച്ച് തല; നായകന്‍ തന്നെയോ വില്ലന്‍?

തിങ്കള്‍, 22 ഏപ്രില്‍ 2019 (10:53 IST)
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഈ സീസണിലെ മൂന്നാമത്തെ തോൽ‌വി അറിഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഞായറാഴ്ച രാത്രി നടന്ന ത്രില്ലർ കളിയിൽ ധോണി ഷോ തരംഗമായിരുന്നുവെങ്കിലും ജയത്തിന്റെ രുചി അറിയാൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ല.
 
അവസാന പന്തിലേക്കു നീണ്ട ആവേശപ്പോരില്‍ ഒരു റണ്ണിനാണ് ആര്‍സിബി ജയിച്ചുകയറിയത്. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ (48 പന്തില്‍ 84*) ഹീറോയിസം പാഴായി. ഏഴു കൂറ്റന്‍ സിക്‌സറും അഞ്ചു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
 
അവസാന ഓവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ 26 റണ്‍സ് വേണ്ടിയിരുന്നു. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും ഒരു ഡബിളുമടക്കം 24 റണ്‍സ് ധോണി അടിച്ചെടുത്തെങ്കിലും അവസാന പന്തിലെ റണ്ണൗട്ട് സിഎസ്‌കെ പ്രതീക്ഷിച്ചതല്ല. തൊട്ടുമുമ്പത്തെ ഓവറില്‍ ധോണി മൂന്നു തവണ സിംഗിളെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ധോണി ആ സിംഗിൾ ഓടിയെടുത്തിരുന്നെങ്കിൽ കളി ജയിക്കുമായിരുന്നുവെന്ന് ആരാധകർ പറയുന്നു. കളിയില്‍ സിഎസ്‌കെ തോറ്റതോടെ ധോണിയുടെ ഈ നടപടി വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
 
ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ബ്രാവോ ക്രീസില്‍ ഒപ്പമുണ്ടായിരുന്നപ്പോഴാണ് ധോണി സിംഗിളിനു വിസമ്മതിച്ചത്. നവ്ദീപ് സെയ്‌നിയെറിഞ്ഞ 19ആം ഓവറിലെ ആദ്യ രണ്ടു പന്തിലും നാലാമത്തെ പന്തിലും സിംഗിളെടുക്കാമായിരുന്നു. പക്ഷേ ധോണി ഇതിനു തയ്യാറായില്ല. ഈ ഓവറില്‍ വെറും 10 റണ്‍സാണ് സിഎസ്‌കെയ്ക്കു നേടാനായത്. ഓവറിലെ അവസാന പന്തില്‍ ബ്രാവോ (5) പുറത്താവുകയും ചെയ്തു. മൂന്ന് സിംഗിൾ ധോണി എടുത്തിരുന്നെങ്കിൽ കളി വേറെ ലെവൽ ആയേനെ എന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
 
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ധോണി 84 റണ്‍സ് നേടി പുറത്താകാതെനിന്നു. 48 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയ ധോണി അവസാന നിമിഷം വരെ ചെന്നൈയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. ഏഴു സിക്‌സറുകള്‍ പറത്തി. 111 മീറ്റര്‍ ദൂരെ ഗ്രൗണ്ടിന്റെ മേല്‍ക്കൂരയിലേക്കാണ പറത്തിവിട്ട സിക്‌സ അടക്കം ഏഴ് സിക്‌സാണ് ധോണി അടിച്ചു കൂട്ടിയത്.
 
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഒരു റണ്‍സിന്റെ പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍