IPL 10: ചിയര്‍ ഗേള്‍സ് ഭയന്നുവിറച്ചു, കണ്ടവരെല്ലാം ഞെട്ടി; അപകടം വഴിമാറിയത് തലനാരിഴയ്‌ക്ക് - വൈദ്യസഹായം തേടി സ്‌മിത്ത്
വ്യാഴം, 4 മെയ് 2017 (14:34 IST)
ക്രിക്കറ്റ് മൈതാനങ്ങളില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ ഉണ്ടാകുന്നത് പലപ്പോഴും കാണാറുണ്ട്. ആവേശം നിറയ്‌ക്കുന്ന ഐപിഎല്‍ മത്സരങ്ങളിലും അപകടങ്ങള്‍ പതിവാണ്.
ബുധനാഴ്‌ച കൊല്‍ക്കത്ത- പൂനെ മത്സരത്തില്‍ പൂനെ താരങ്ങളായ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സും തമ്മിലുണ്ടായ കൂടിയിടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കൊല്‍ക്കത്ത താരം സൂര്യകുമാര്‍ യാദവ് സിക്‍സറിന് ശ്രമിച്ച പന്ത് ബൌണ്ടറിലൈനില്‍ എത്തിയപ്പോള്‍ ക്യാച്ച് എടുക്കാനായി സ്‌മിത്തും സ്‌റ്റോക്‍സും ഓടിയെത്തുകയും അപ്രതീക്ഷിതമായി കൂട്ടിയിടിക്കുകയുമായിരുന്നു.
ബെന്‍സ്റ്റോക്സ് പന്ത് കൈപിടിയില്‍ ഒതുക്കിയെങ്കിലും അതിവേഗത്തിലെത്തിയ സ്‌മിത്തിന്റെ ഇടിയേറ്റ് അദ്ദേഹവും ബൌണ്ടറിയിലേക്ക് വീണു. ഇടിയുടെ ശക്തിയില്‍ സ്‌മിത്ത് തെറിച്ചു പോകുകയും സമീപത്തെ പരസ്യ ബോര്‍ഡില്‍ പോയി ഇടിക്കുകയുമായിരുന്നു.
അപകടത്തിന്റെ തീവ്രത മനസിലാക്കിയ സ്‌റ്റോക്‍സ് ഉടന്‍ തന്നെ വൈദ്യസഹായത്തിനായി തേടുകയും ഡോക്‍ടര്‍മാര്‍ പൂനെ നായകനെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്‌തു. ക്രിക്കറ്റ് മൈതാനത്തുണ്ടായ അപകടത്തില്‍ സമീപത്തുണ്ടായിരുന്ന ചിയര്‍ ഗേള്‍സ് അടക്കമുള്ളവര്‍ ഭയന്നു പോയി.