ഫുട്‌ബോളിന്റെ മണ്ണില്‍ വിരുന്നെത്തിയ റിയോ ഒളിമ്പിക്‍സിന് പലതും പറയാനുണ്ട്. ലോകരാജ്യങ്ങളോട് മത്സരിച്ച് ഏറ്റവും വലിയ കായിക മമാങ്കം രാജ്യത്ത് എത്തിച്ചതുമുതല്‍ ബ്രസീലിയന്‍ ജനതയ്‌ക്ക് ആശങ്കകളും ആകുലതകളും ബാക്കിയാകുന്നുണ്ട്. സിക വൈറസ് മുതല്‍ ഭീകരാക്രമണം വരെ റിയോ ഒളിമ്പിക്‍സിന്റെ മാറ്റ് കുറയ്‌ക്കാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ ഈ ആകുലതകളെ അതിര്‍ത്തിക്കപ്പുറത്തു നിര്‍ത്തിയാണ് യുസ്ര മര്‍ദിനി ഒളിമ്പിക്‍സിന് എത്തിയിരിക്കുന്നത്.
നീന്തലില്‍ ഒരു മെഡല്‍ സ്വപ്‌നം കാണുന്ന യുസ്ര മര്‍ദിനി ഒരു ജനതയുടെ സ്വപ്‌നങ്ങള്‍ പൂവണിയിക്കാനാണ് ബ്രസീലില്‍ എത്തിയിരിക്കുന്നത്. പതിനെട്ടുകാരിയായ ഈ സിറിയന്‍ പെണ്‍കുട്ടി ഒളിമ്പിക്‍സിന് എത്തിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒളിമ്പിക്‍സിനെക്കാള്‍ വലിയ ജീവന്‍മരണ പോരാട്ടമായിരുന്നു യുസ്ര മര്‍ദിനിക്ക് ജീവിതം സമ്മാനിച്ചതും ഒളിബിക് സ്വപ്‌നങ്ങള്‍ സമ്മാനിച്ചതും.
ഇസ്‌ലാമിക് ഭീകരര്‍ സിറിയയില്‍ താണ്ഡവമാടിയപ്പോള്‍ ജന്മനാടായ ഡമാസ്‌കസില്‍ നിന്നും യൂറോപ്പിലേക്ക് കടക്കാന്‍ യുസ്രയും സഹോദരിയും തീരുമാനിച്ചു. ഭീകരരുടെ കൈയില്‍ നിന്നും രക്ഷപ്പെടുക എന്ന ഏക ലക്ഷ്യം മാത്രമായിരുന്നു ഇരുവര്‍ക്കും ഉണ്ടായിരുന്നത്. ഭീകരര്‍ ലൈംഗിക അടിമകളെ തേടി തങ്ങളുടെ പ്രദേശത്ത് എത്തിയതോടെയാണ് എത്രയും വേഗം രാജ്യം വിടണമെന്ന തീരുമാനത്തിന് കാരണമായത്.
ഡമാസ്‌കസിലുണ്ടായ കൂട്ടക്കൊലയില്‍ യുസ്രയ്‌ക്ക് വീട് നഷ്ടപ്പെട്ടതോടെ 2015 ആഗസ്ത് 12ന് സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പം സിറിയ വിട്ടു. ഡമാസമകസില്‍ നിന്ന് ബെയ്‌റൂട്ടിലേക്കും, ഇസ്താമബുംളിലേക്കും കൊള്ളക്കാര്‍ക്കൊപ്പം സഞ്ചരിച്ചാണ് അഭയാര്‍ത്ഥി സംഘത്തിനൊപ്പം യുസ്ര നീങ്ങിയത്.
പിന്നീട് ഗ്രീസിലേക്ക് അഭയാര്‍ഥി ബോട്ട് പോകുന്നുവെന്ന് മനസിലാക്കിയ യുസ്രയും സഹോദരിയും സംഘത്തില്‍ ചേര്‍ന്ന് നാടുവിട്ടു. കൂടുതല്‍ ആളുകള്‍ ബോട്ടില്‍ ഉള്ളതിനാലും പ്രകൃതി വില്ലനായതും മൂലം ബോട്ട് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ വച്ച് തര്‍ന്നു. നീന്തല്‍ വശമുണ്ടായിരുന്ന യുസ്രയും സഹോദരിയും സ്വന്തം ജീവന്‍ മറന്ന് കടലില്‍ വീണവരെ കരയ്‌ക്ക് എത്തിച്ചു. ബോട്ടില്‍ നിന്ന് 19 പേരെയാണ് യുസ്ര ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.
സിറിയയില്‍ നിന്ന് അഭയം തേടി പുറപ്പെട്ട യുസ്ര ഉള്‍പ്പെട്ട 20 അംഗ സംഘം എത്തപ്പെട്ടത് ജര്‍മ്മനിയിലാണ്. ജര്‍മ്മനിയിലെത്തിയതോടെ നീന്തല്‍താരമായ യുസ്രയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്താര്‍ജ്ജിച്ചു. കടലില്‍ വീണവരെ കരയ്‌ക്ക് എത്തിച്ചു പതിനേട്ടുകാരി ഇതിനകം തന്നെ അഭയാര്‍ഥികള്‍ക്കിടയില്‍ പ്രശസ്‌തയായി. ഇതോടെ അഭയാര്‍ഥികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട്
റിയോ ഒളിമ്പിക്‍സില്‍ പങ്കെടുക്കാനും അവസരമൊരുങ്ങി.
റിയോ ഒളിമ്പിക്‍സിലെ അഭയാര്‍ഥി ടീമിലെ അംഗം കൂടിയാണ് ഇപ്പോള്‍ യുസ്ര. 100 മീറ്റര്‍ ഫ്രീ സ്റ്റൈലിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലും മത്സരിക്കുന്നുണ്ട് ഈ മിടുക്കി. ജൂണിലാണ് ദക്ഷിണ സുഡാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, എത്യോപ്യ എന്നിവിടങ്ങളിലെ താരങ്ങള്‍ക്കൊപ്പം യുസ്രയും ഔദ്ധ്യോഗികമായി അംഗമായതോടെ ഒളിമ്പിക്‍സ് സ്വപ്‌നങ്ങള്‍ പൂവണിയുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ബെര്‍ലിനിലെ പഴയ നീന്തല്‍ ക്ലബ്ബായ വാസര്‍ഫ്രൂണ്ടെയില്‍ പരിശീലനം നടത്തുന്ന യുസ്രയും സുഹൃത്ത് റാമി അനീസും തങ്ങളെ ഒളിമ്പിക്‍സിന് അയക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ യുസ്രയെ തേടിയെത്തിയപ്പോള്‍ ആണ് ഈ സന്തോഷവാര്‍ത്ത ഇവര്‍ അറിഞ്ഞത്.