ആഭ്യന്തരയുദ്ധം തകര്‍ത്തെറിഞ്ഞ യമനിലേക്ക് ഇറാന്‍ ആയുധമെത്തിക്കാന്‍ നീക്കാം നടത്തുന്നതായുള്ള വിവരം ലഭിച്ചതിനു പിന്നാലെ അമേരിക്കന്‍ പടക്കപ്പല്‍ യമന്‍ തീരത്തേക്ക് കുതിക്കുന്നു. യു എസ് നാവിക സേനയുടെ പടുകൂറ്റന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയഡോര്‍ റൂസ്‌വെല്‍റ്റ് എന്ന കപ്പലാണ് യമനിലേക്ക് യാത്ര തിരിച്ചത്. അറബിക്കടല്‍ വഴിയാണ് തിയഡോര്‍ റൂസ്‌വെല്‍റ്റ് യെമനിലേക്ക് നീങ്ങുന്നത്. എഫ് 18 യുദ്ധവിമാനങ്ങള്‍ അടക്കമുള്ള അത്യാധുനിക വിമാനങ്ങളും ആയുധങ്ങളും പേറുന്ന കപ്പലിന് മേഖലയിലുള്ള മറ്റ് അമേരിക്കന്‍ പടക്കപ്പലുകളും പിന്തുണ നല്‍കാനെത്തും.
ഇറാന്റെ എട്ടു കപ്പലുകള്‍ യെമനി വിമതര്‍ക്കുള്ള ആയുധവുമായി തിരിച്ചിട്ടുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് അമേരിക്ക വളരെപ്പെട്ടെന്ന് തങ്ങളുടെ കപ്പല്‍ ഇവിടേക്ക് അയച്ചിരിക്കുന്നത്. യെമന്‍സര്‍ക്കാരിനെതിരെ ഇറാന്റെയും അല്‍ഖ്വയ്ദയുടേയും പിന്തുണയോടെ പോരാടുന്ന വിമതര്‍ക്ക് ആയുധമെത്തിക്കുന്നത് വിലക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് അമേരിക്കന്‍ നീക്കം.
ഹൂതി വിമതര്‍ക്ക് ആയുധവുമായി എത്തുന്ന ഇറാന്‍ കപ്പലുകള്‍ അമേരിക്കന്‍ കപ്പലുകള്‍ തടഞ്ഞാല്‍ അത് പുതിയ പ്രതിസന്ധിക്കാകും തുടക്കമിടുക. തികച്ചും ദരിദ്ര രാജ്യമായ യെമന്‍ ആഭ്യന്തര യുദ്ധവും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണവും മൂലം തകര്‍ന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇറാനും, സൌദിയും തമ്മിലുള്ള നിഴല്‍ യുദ്ധത്തില്‍ സൌദിക്ക് അമേരിക്കന്‍ പിന്തുണയുമുണ്ട്.