അമേരിക്കയില്‍ കനത്ത മഞ്ഞ് വീഴ്‌ച: 18മരണം, എട്ടുകോടി ജനങ്ങള്‍ ദുരിതത്തില്‍

Webdunia
ഞായര്‍, 24 ജനുവരി 2016 (10:38 IST)
നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്‌ചയില്‍ അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിലും തെക്കും കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി 18പേര്‍ മരിച്ചു. നോര്‍ത്ത് കരോളിനയില്‍ വാഹനാപകടത്തിലാണ് ആറു പേര്‍ മരിച്ചത്. നൂറ് കണക്കിന് വാഹനങ്ങളാണ് റോഡുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ടെന്നസി, നോര്‍ത്ത് കരോലിന, കെന്റകി തുടങ്ങിയ പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കയുടെ കിഴക്കന്‍ തീരത്തു ആഞ്ഞടിച്ച ജോനാസ് ഹിമക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് അറ്റ്ലാന്റിക് തീരത്തേക്കു കുതിക്കുകയാണ്. രാജ്യതലസ്ഥാനമായ വാഷിംഗ്ടണില്‍ 100 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുകയാണ്. എട്ടുകോടി ജനങ്ങളെ ദുരിതം ബാധിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, വാഷിങ്ടണ്‍, ബാള്‍ട്ടിമോര്‍ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ന്യൂയോര്‍ക്കിലെ എല്ലാ റോഡുകളും അടച്ചു. മാന്‍ഹാട്ടനില്‍ സബ്‌വെ ട്രെയിനുകളും ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വാഷിങ്ടണിലും മെട്രോ, ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ദിവസങ്ങളായി തുടരുന്ന രൂക്ഷമായ മഞ്ഞ് വീഴ്‌ചയില്‍ മേരിലാന്റ്, വിർജിനിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ദുരിതമുണ്ടായത്.
മിക്കയിടത്തും തന്നെ ബസ്, റെയിൽ സർവീസുകൾ നിലച്ച അവസ്ഥയാണ്. പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വിമാനസർവീസുകൾ പലതും റദ്ദാക്കി. 7000ത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. കടകളും റെസ്‌റ്റോറന്റുകളും അടഞ്ഞു കിടക്കുകയാണ്.

ചുരുക്കം ചില കടകളും ഗാസ് സ്റ്റേഷനുകളും ചില ബാറുകളും മാത്രമാണ് തുറന്നിരിയ്ക്കുന്നത്. നൂറ് കണക്കിന് പൊലീസും ജീവനക്കാരുമാണ് റോഡുകളില്‍ നിന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രംഗത്തുള്ളത്. പലയിടങ്ങളിലും രണ്ടടിയോളം മഞ്ഞ് നീക്കം ചെയ്‌തു കഴിഞ്ഞു. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധി നല്‍കിയിട്ടുണ്ട്‌. അതേസമയം, സാധനങ്ങൾ സംഭരിച്ച് വയ്ക്കാനും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനും അധികൃതര്‍ ജനങ്ങൾക്ക് നിർദ്ദേശം നൽകി.