രാജ്യത്ത് വാട്സ്ആപ്പ് നിരോധിച്ചതായി ഇറാന്‍ കോടതി ഉത്തരവിട്ടു. ലൈന്‍, ടാങ്കോ എന്നീ മൂന്ന് പ്രമുഖ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ക്കും വിലക്ക് കൊണ്ടു വന്നിട്ടുണ്ട്.
ജനപ്രിയ സോഷ്യല്‍ വെബ്സൈറ്റുകളായ യൂട്യുബ്, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കുന്നതില്‍ ഇതിനകം തന്നെ രാജ്യത്ത് വളരെ നിയന്ത്രണം ഉണ്ട്. അതിന് പിന്നാലെയാണ് വാട്സ്ആപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ബുധനാഴ്ച ഉച്ചവരെ തെഹ്റാനില്‍ വാട്സ്ആപ്പ്, ലൈന്‍, ടാങ്കോ എന്നീ ആപ്ളിക്കേഷനുകളുടെ സേവനങ്ങള്‍ ലഭ്യമായിരുന്നതായി അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു.
ജനപ്രീയമായി മുന്നേറി കൊണ്ടിരുന്ന വാട്സ്ആപ്പ് അടക്കമുള്ള സൈറ്റുകളെ നിരോധം ഏര്‍പ്പെടുത്തുന്നതിനെതിരെ ഹസന്‍ റൂഹാനി ഭരണകൂടം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സോഷ്യല്‍ വെബ്സൈറ്റുകളില്‍ പ്രചരിക്കുന്ന മോശം ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ നിയന്ത്രിക്കണം എന്നതായിരുന്നു ഭരണകൂടത്തിന്റെ വാദം. എന്നാല്‍ ഈ വാദങ്ങളെ കോടതി തള്ളിക്കളയുകയായിരുന്നു. ഇറാന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സി ഇര്‍നയാണ് വാര്‍ത്ത പുറത്തു വിട്ടത്.