വേഗരാജാവ് ഉസൈൻ ബോൾട്ട് തന്നെ

തിങ്കള്‍, 15 ഓഗസ്റ്റ് 2016 (10:48 IST)
ഒളിമ്പിക്സ് വേദിയിൽ മാത്രമല്ല ലോക ജനതയുടെ മനസ്സിൽ തന്നെ വിസമയം തീർത്ത് ഉസൈൻ ബോൾട്ട്. ശക്തമായ മൽസരം കാഴ്ചവച്ച യുഎസ് താരം ജസ്റ്റിൻ ഗാട്‌ലിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ബോൾട്ട് വീണ്ടും തെളിയിച്ചു വേഗരാജാവ് താൻ തന്നെയെന്ന്. 100 മീറ്ററിൽ ഹാട്രിക്ക് സ്വര്‍ണമാണ് ബോൾട്ട് തികച്ചത്. സെമിയിൽ സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ച ബോൾട്ട്, ഫൈനലിൽ 9.81 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
 
9.89 സെക്കൻഡിൽ ഫിനിഷ് ചെയ്ത യുഎസ് താരം ജസ്റ്റിൻ ഗാട്‌ലിൻ വെള്ളി നേടി. 9.91 സെക്കൻ‍‍ഡ് കൊണ്ട് ഫിനിഷിങ് ലൈൻ കടന്ന കാനഡയുടെ ആൻഡ്രേ ഡി ഗ്രേസ് വെങ്കലം സ്വന്തമാക്കി. തന്റെ തന്നെ പേരിലുള്ള ലോക റെക്കോർഡും (9.58 സെക്കൻഡ്) ലണ്ടൻ ഒളിംപിക്സിൽ സ്ഥാപിച്ച ഒളിംപിക് റെക്കോർഡും (9.63) മറികടക്കാനായില്ലെങ്കിലും തകർപ്പൻ പ്രകടനവുമായാണ് ബോൾട്ടിന്റെ ഹാട്രിക്ക് നേട്ടം. 
 
മോശം തുടക്കത്തെത്തുടർന്ന് ആദ്യം പിന്നിലായിപ്പോയ ബോൾട്ട് പിന്നീട് ശക്തമായ മൽസരം കാഴ്ചവച്ചാണ് സ്വർണത്തിലേക്ക് കുതിച്ചെത്തിയത്. തന്റെ ഏഴാം ഒളിമ്പിക് സ്വര്‍ണം ജമൈക്കന്‍ ജനതയ്ക്ക്‌ സമര്‍പ്പിക്കുന്നതായി മത്സരശേഷം ബോള്‍ട്ട് ട്വീറ്റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക