ട്രംപ് വീണ്ടും തനിനിറം കാട്ടി, ഇന്ത്യൻ ഫാർമ കമ്പനികൾക്ക് ഇരുട്ടടി, മരുന്നുകളുടെ ഇറക്കുമതി തീരുവ ഉയർത്തിയത് 100 ശതമാനം!

അഭിറാം മനോഹർ

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (12:13 IST)
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനം ഉയര്‍ത്തിയ തീരുമാനത്തില്‍ ഇന്ത്യയും യുഎസും തമ്മില്‍ അനുനയ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അമേരിക്കയില്‍ ശക്തമായ സാന്നിധ്യമുള്ള ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്കെതിരെയുള്ള ട്രംപിന്റെ നീക്കം. അമേരിക്കയില്‍ പ്ലാന്റുകളുള്ള കമ്പനികള്‍ക്ക് തീരുമാനം ബാധകമാവില്ല. 2025 ഒക്ടോബര്‍ 1 മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് ഉള്ള മരുന്നുകള്‍ക്കാണ് തീരുവ ബാധകമാവുക.
 
 അമേരിക്കയില്‍ പ്ലാന്റിന്റെ പണി തുടങ്ങിയ കമ്പനികളെയും പുതിയ നടപടി ബാധിക്കില്ല. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക. 2025ന്റെ ആദ്യപകുതിയില്‍ 3.7 ബില്യണ്‍ ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ചത്. ട്രംപിന്റെ തീരുമാനം ഉന്നമിടുന്നത് ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളെയാണെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ജെനറിക്, സ്‌പെഷ്യാലിറ്റി മരുന്നുകളെയും ബാധിക്കുമോ എന്നത് വ്യക്തമല്ല.
 
 ഫാര്‍മ രംഗത്തെ വമ്പന്മാരായ ഡോ റെഡ്ഡീസ്,ലുപിന്‍, സിപ്ല തുടങ്ങിയ ഇന്ത്യന്‍ കമ്പനികളില്‍ പലതിനും അമേരിക്കയില്‍ പ്ലാന്റുകളുണ്ട്. യുഎസ് വിപണിയിലെ പ്രധാനികളില്‍ ഒന്നായ ബയോകോണും ഈ മാസം പുതിയ പ്ലാന്റ് കമ്മീഷന്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ പല വമ്പന്‍ കമ്പനികളെയും തീരുമാനം ബാധിക്കില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍