കൂടുതൽ രാജ്യങ്ങൾ ഉപരോധമേർപ്പെടു‌ത്തിയേക്കും, റഷ്യക്കെതിരായ നടപടി നാളെയെന്ന് യുഎസ്

ചൊവ്വ, 22 ഫെബ്രുവരി 2022 (14:34 IST)
കിഴക്കൻ യുക്രെയ്നിലെ വിമത മേഖലകളെ സ്വതന്ത്ര്യ രാജ്യങ്ങളാക്കി പ്രഖ്യാപിച്ച റഷ്യൻ തീരുമാനത്തിൽ എതിർപ്പ് അറിയിച്ച് ലോകരാജ്യങ്ങൾ. നീക്കത്തെ റഷ്യൻ അധിനിവേശമെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.ഡോണ്‍ബാസ് മേഖലയില്‍ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്‌തു.
 
കിഴക്കൻ യുക്രെയ്നിൽ നടന്നത് സമാധാനശ്രമങ്ങളുടെ ഭാഗമായുള്ള നടപടിയാണെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞതിനെ ശുദ്ധ അസംബന്ധമെന്നാണ് യുഎസ് വിശേഷിപ്പിച്ചത്. റഷ്യയുടെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും റഷ്യയെ മാത്രമല്ല ലോകത്തെയാകെ അത് ബാധിക്കുമെന്നും യുഎൻ രക്ഷാസമിതിയുടെ 15 അംഗ അടിയന്തര കൗൺസിൽ യോഗത്തിൽ യുഎസ് അംബാസഡൻ ലിൻഡ തോമസ് ഗ്രീൻഫീൽഡ് അഭിപ്രായപ്പെട്ടു.
 
റഷ്യയ്ക്കെതിരെയുള്ള കൂടുതൽ ഉപരോധ നടപടികൾ സഖ്യ കക്ഷികളുമായി ചേർന്ന് കൂടിയാലോചിച്ച് നാളെ പ്രഖ്യാപിക്കുമെന്ന് യുഎൻ യോഗത്തിൽ അമേരിക്ക വ്യക്തമാക്കി. റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് ഫ്രാൻസും രക്ഷാസമിതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
അതേസമയം റഷ്യയുടെ നീക്കം മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കാൻ ഇടയുണ്ടെന്നും പൗരന്മാരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും പ്രശ്‌നത്തിന് നയതന്ത്ര പരിഹാരം വേണമെന്നും യഎൻ രക്ഷാസമിതിയിൽ ഇന്ത്യ അറിയിച്ചു.
 
അതേസമയം കിഴക്കൻ യുക്രെയ്നിൽ ‘സൈനിക സാഹസ’ത്തിനു മുതിരുന്ന യുക്രെയ്ന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് റഷ്യയും യുഎൻ രക്ഷാസമിതിയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍