ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയച്ച് യുഎസിലെ ട്രംപ് ഭരണകൂടം. സി-17 എയര്‍ക്രാഫ്റ്റില്‍ 205 ഇന്ത്യക്കാരാണ് ഉള്ളതെന്നാണ് വിവരം. ടെക്‌സസിലെ സാന്‍ അന്റോണിയയില്‍ നിന്ന് ഇന്ത്യന്‍ സമയം ചൊവ്വ പുലര്‍ച്ചെ മൂന്നിനാണ് വിമാനം പുറപ്പെട്ടതെന്നും വിവരമുണ്ട്. 24 മണിക്കൂറിനുള്ളില്‍ വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് വിവരം. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് യുഎസ് ഭരണകൂടവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ 1,100 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ യുഎസ് തിരിച്ചയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ ആകെയുള്ള 15 ലക്ഷം പേരില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
' യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ നമ്മള്‍ അവര്‍ വന്ന സ്ഥലങ്ങളിലേക്കു തന്നെ തിരിച്ചയക്കുകയാണ്,' അധികാരത്തില്‍ എത്തിയതിനു പിന്നാലെ ട്രംപ് പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റങ്ങളോടു വിട്ടുവീഴ്ച വേണ്ടെന്നാണ് ട്രംപ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ട്രംപ് തിരിച്ചയച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.