തൊഴിലില്ലായ്‌മ വർധിക്കുന്നു: എച്ച്1ബി അടക്കമുള്ള തൊഴിൽ വിസകൾ അമേരിക്ക നിർത്തലാക്കിയേക്കും

വെള്ളി, 12 ജൂണ്‍ 2020 (14:40 IST)
വാഷിങ്‌ടൺ: എച്ച്1ബി അടക്കമുള്ള തൊഴിൽ വിസകൾ നിർത്തലാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി സൂചന.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ തൊഴിലില്ലായ്‌മ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.അമേരിക്കയുടെ പുതിയ തീരുമാനം നടപ്പിൽ വരികയാണെങ്കിൽ അതേറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെയായിരിക്കും.വിസ സസ്‌പെന്‍ഡ് ചെയ്യുന്നതോടെ നിരവധിപ്പേര്‍ തൊഴില്‍രഹിതരാകും. 
 
ഒക്ടോബര്‍ ഒന്നിന് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന സമയത്ത് വിസ പുതുക്കുന്നത് നിർത്താനാണ് തീരുമാനമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.വിസ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ പുതിയ എച്ച് 1ബി വിസയുള്ള വിദേശികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനാകില്ല.നിലവിൽ യുഎസിൽ ഉള്ളവരെ ഇത് ബാധിച്ചേക്കില്ലെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
 
ഇന്ത്യയിൽ നിന്നുള്ള ഐ‌ടി പ്രഫഷണലുകളാണ് പ്രധാനമായും എച്ച്1ബി വിസ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ട്രംപിന്റെ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഐടി ജീവനക്കാരെ പ്രതികൂലമായി ബാധിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എച്ച്1 ബി വിസയിലുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ നേരത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍