പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമേരിക്ക. മുംബൈയില്‍ നടന്ന ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ ഭീകരവാദി ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്നും വിട്ടയച്ച പാക് നടപടിക്കെതിരയാണ് അമേരിക്ക രംഗത്തെത്തിയത്. സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ എത്രയും പെട്ടെന്നുതന്നെ പാകിസ്ഥാന്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
ഇതിനാവശ്യമായ നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിതനായത്. ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.