ഒരു കുഞ്ഞിന് മൂന്ന് രക്ഷിതാക്കള്‍ എന്ന ചരിത്രപരമായ തീരുമാനത്തിന് നിയമപരമായ അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമാകാനൊരുങ്ങുകയാണ് ബ്രിട്ടന്‍. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ഇതു സംബന്ധിച്ച ബില്ലിന് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. ഈ മാസമാദ്യം അധോസഭ ഇതിന് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ബില്‍ നിയമാമായിരിക്കുകയാണ്. അടുത്ത വര്‍ഷം തന്നെ പുതിയ തീരുമാനപ്രകാരമുള്ള മൂന്ന് രക്ഷിതാക്കളുള്ള കുഞ്ഞ് ജനിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഒട്ടേറെ ആശങ്കകളും വിമര്‍ശനങ്ങളും അതിജീവിച്ചാണ് ബില്ലിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകത്ത് ജനിക്കുന്ന 6000ല്‍ ഒരു കുഞ്ഞിന് വീതം കാണപ്പെടുന്ന മെറ്റാകോണ്ഡ്രിയല്‍ ജനിതക രോഗങ്ങളില്‍ നിന്ന് ബ്രിട്ടണിലെ തലമുറയേ രക്ഷിക്കുന്നതിനാണ് ഈ സുപ്രധാന നിക്കം ബ്രിട്ടണ്‍ നടത്തിയിരിക്കുന്നത്. മെറ്റാകോണ്ഡ്രിയല്‍ ഡിഎന്‍എ തകാരാര്‍ ഉള്ള മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്ക് തകരാറുള്ള ഡിഎന്‍എ മാറ്റി ആരോഗ്യമുള്ളവ മാറ്റി സ്ഥാപിക്കുകയാണ് ഇതിനായി ചെയ്യുക.
കോശങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് മൈറ്റോകോണ്‍ഡ്രിയയാണ്. എന്നാല്‍ ഇതിന്റെ ഡിഎന്‍എ ഘടകങ്ങള്‍ക്ക് തകരാര്‍ ഉണ്ടെങ്കില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍, മസ്തിഷ്‌കത്തിന്റെ തകരാറുകള്‍, കാഴ്ച വൈകല്യം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇതൊഴിവാക്കാനായി മാതാവിന്റെ അണ്ഡവും പിതാവിന്റെ ബീജവും ശരീരത്തിന് പുറത്ത് വച്ച് യോജിപ്പിച്ചതിനു ശേഷ ഉണ്ടാകുന്ന ഭ്രൂണത്തിലെ ന്യൂക്ലിയസ് മാറ്റി പകരം അത് മറ്റൊരു സ്ത്രീദാതാവില്‍ നിന്നുള്ള ആരോഗ്യമുള്ള മെറ്റാകോണ്ഡ്രിയ ഉള്ള അണ്ഡത്തില്‍ സ്ഥാപിക്കുകയാണ് ചെയ്യുക.
ത്രീ പേരന്റ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്നാണ് ഈ ചികിത്സാക്രമം അറിയപ്പെടുന്നത്. മാതാവില്‍ നിന്നും പിതാവില്‍ നിന്നും ഒരു സ്ത്രീദാതാവില്‍ നിന്നുമുള്ള ഡിഎന്‍എ ആയിരിക്കും കുഞ്ഞിനുണ്ടാകുക. തുടര്‍ന്ന് ഈ ഭ്രൂണം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. പാരമ്പര്യമായി ലഭിക്കുന്ന കൃത്യമായ ചികിത്സയില്ലാത്ത രോഗങ്ങള്‍ തടയാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. മൈറ്റോകോണ്‍ഡ്രിയ തകരാറുള്ള സ്ത്രീകള്‍ക്കും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സഹായിക്കുന്നതാണ് പുതിയ ചികിത്സാക്രമമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ചരിത്രപരമായ തെറ്റാണ് ഇതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. മൂന്ന് വ്യക്തികളില്‍ നിന്നുള്ള ഡിഎന്‍എയുമായി ജനിക്കുന്ന കുഞ്ഞുങ്ങളിലൂടെ ജനിതകമാറ്റങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ പുതിയ നീക്കം പ്രത്യേകം രൂപകല്‍പന ചെയ്ത കുഞ്ഞുങ്ങളുടെ ജനനത്തിലേക്ക് വഴി തെളിക്കുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍ വിമര്‍ശനങ്ങളേയും ആരോപണങ്ങളേയും ഗവേഷകര്‍ കാര്യമാക്കുന്നില്ല.