ഒബാമയ്ക്ക് മിഷേലിനോട് നന്ദി മാത്രം; മിഷേല്‍ തന്റെ ഭാര്യ മാത്രമല്ലെന്ന് ഒബാമ; പടിയിറങ്ങുന്ന ഒബാമയോട് മിഷേല്‍ പറഞ്ഞതു കേട്ടാല്‍ കണ്ണു നിറയും

Webdunia
ബുധന്‍, 11 ജനുവരി 2017 (14:49 IST)
യാത്രയയപ്പു വേളയില്‍ പടിയിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മനസ്സില്‍ വിതുമ്പിനിന്നത് ഭാര്യയോടും മക്കളോടുമുള്ള കടപ്പാട്. തന്റെ രാഷ്‌ട്രീയസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തന്റെയൊപ്പം നിന്ന ഭാര്യ മിഷേലിനോടും കൌമാരപ്രായക്കാരായ രണ്ടു മക്കള്‍ക്കും നന്ദി പറയുകയാണെന്ന് ഒബാമ പറഞ്ഞു.
 
മിഷേല്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പറയുമ്പോള്‍  ബരാക് ഒബാമ കണ്ണ്  തുടയ്ക്കുന്നുണ്ടായിരുന്നു. ആയിരക്കണക്കിനു അണികളുടെ മുന്നില്‍ വെച്ചാണ് തന്റെ പ്രിയതമയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒബാമയ്ക്ക് കണ്ണു നിറഞ്ഞത്.
 
കഴിഞ്ഞ 25 വര്‍ഷമായി മിഷേല്‍ തന്റെ ഭാര്യ മാത്രമല്ല. തന്റെ കുട്ടികളുടെ അമ്മയും തന്റെ ഏറ്റവും നല്ല സുഹൃത്താണെന്നും ഒബാമ പറഞ്ഞു. അതേസമയം, കറുത്ത വസ്ത്രമണിഞ്ഞ് മകളായ മാലിയയ്ക്കും അമ്മയ്ക്കും ഒപ്പമെത്തിയ മിഷേല്‍, ഒബാമ നന്ദി പറഞ്ഞപ്പോള്‍ എഴുന്നേറ്റുനിന്ന് തന്റെ ആദരവ് അറിയിക്കുകയും ചെയ്തു.
 
ഒബാമയുടെ സ്നേഹത്തിനും ആദരവിനും ട്വിറ്ററിലൂടെയാണ് മിഷേല്‍ മറുപടി പറഞ്ഞത്. ‘നമ്മള്‍ ഒരുമിച്ചു പിന്നിട്ട വഴികളെക്കുറിച്ച് ഓര്‍ത്ത് അഭിമാനം തോന്നുന്നു. മഹത്തായ ആളുകളോടൊപ്പമുള്ള മഹനീയമായ യാത്രയായിരുന്നു. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു ബരാക്. ’ - മിഷേല്‍ ഒബാമ ട്വിറ്ററില്‍ കുറിച്ചു.
 
മക്കളായ സാഷയ്ക്കും മാലിയയ്ക്കും നന്ദി പറയുവാനും ഒബാമ മറന്നില്ല. പതിനെട്ടുകാരിയായ മാലിയ പിതാവ് യാത്രയയപ്പ് വേളയില്‍ എത്തിയപ്പോള്‍ പതിനഞ്ചുകാരിയായ സാഷ എത്തിയിരുന്നില്ല. കറുപ്പും വെളുപ്പും വസ്ത്രങ്ങളണിഞ്ഞ് എത്തിയ മാലിയ കണ്ണൂനീരിനെ തടയാന്‍ പാടുപെടുന്നുണ്ടായിരുന്നു. സ്കൂള്‍ പരീക്ഷ ആയതിനാല്‍ സാഷയ്ക്ക് വരാന്‍ കഴിഞ്ഞില്ല.
Next Article