ഈ കുഴിയിലുള്ളത് ഒരു ലക്ഷം കോടിയിലധികം വിലമതിക്കുന്ന വജ്രശേഖരം; ഡയമണ്ട് ഹോളിന് മുകളിൽ ഹെലിക്കോപ്റ്ററിനും നിരോധനം

Webdunia
ചൊവ്വ, 16 ഓഗസ്റ്റ് 2016 (12:41 IST)
ഉല്‍ക്കാ പതനത്തിന് ശേഷം ഉണ്ടായ കുഴിയാണെന്നേ സൈബീരിയയിലെ മിര്‍ ഖനിയുടെ ആകാശ ദൃശ്യങ്ങള്‍ കണ്ടാല്‍ തോന്നൂ. പക്ഷെ കോടിക്കണക്കിന് രൂപ വിലവരുന്ന വജ്ര ശേഖരമാണ് ഈ കുഴിയിലുള്ളതെന്ന് കേട്ടാല്‍ അത്ഭുതം തോന്നും. ലോകത്തെ ഏറ്റവും വിലയേറിയ ഗര്‍ത്തമാണ് മിര്‍. വജ്രശേഖരമെന്ന് വിളിപ്പേരുള്ള മിര്‍ ഖനിയ്ക്ക് കനത്ത സുരക്ഷയാണ് റഷ്യ ഇപ്പോള്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി മിര്‍ ഖനിയിക്ക് മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കുന്നത് പോലും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 
 
ഏതാണ്ട് 1,12,000 കോടി രൂപയുടെ വജ്രം മിര്‍ ഖനിയിലുണ്ടെന്നാണ് കണക്ക്. 1772 അടി താഴ്ചയുള്ള ഖനിയ്ക്ക് 1.6 കിലോമീറ്റര്‍ വ്യാസവുമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയനെ സമ്പന്നതയിലേക്ക് നയിച്ച ഖനികളിലൊന്നാണ് മിര്‍. 2004ല്‍ ഈ ഖനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നെങ്കിലും ഇതിനുള്ളിലെ വജ്ര ഖനനം തുടരുന്നുണ്ടായിരുന്നു. ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള തുരങ്കങ്ങളിലൂടെ 2014 വരെ 60 ലക്ഷം ടണ്‍ വജ്രം ഇവിടെ നിന്ന് ശേഖരിച്ചതായാണ് കണക്കാക്കുന്നത്. 
 
ഖനിയുടെ ഉള്ളറകളിലെ ചിത്രങ്ങള്‍ പുറത്തുപോകാതിരിക്കാനാണ് ഖനിയ്ക്ക് മുകളിലൂടെയുള്ള ഹെലികോപ്റ്റര്‍ യാത്രപോലും നിരോധിച്ചത്. ലോകത്തെ വജ്രോത്പാദനത്തിന്റെ വലിയൊരു പങ്കും സ്വന്തമാക്കിയിട്ടുള്ള അല്‍റോസയാണ് ഈ ഖനിയുടെ ഉടമകള്‍. 2010 ല്‍ ഇവിടെ വജ്രനഗരം പണിയുമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ എബി എലൈസ് പ്രഖ്യാപിച്ചിരുന്നു. സൗരോര്‍ജ്ജം ഉപയോഗിച്ച് ഒരു ലക്ഷം ആളുതാമസിക്കാന്‍ പറ്റിയ വജ്രനഗരമാണ് കമ്പനിയുടെ പദ്ധതി. 
Next Article