ഐഎസ്ഐഎസ് തീവ്രവാദികള്‍ സന്നദ്ധ പ്രവര്‍ത്തകന്റെ തലവെട്ടി

ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (10:27 IST)
സിറിയയില്‍ ഐഎസ്ഐഎസ് തീവ്രവാദികള്‍ സന്നദ്ധ പ്രവര്‍ത്തകന്റെ തലവെട്ടി. ബ്രിട്ടന്‍ സ്വദേശിയായ ഡേവിഡ്‌ ഹെയ്‌ന്‍സിനെയാണ് തീവ്രവാദികള്‍ ദാരുണമായി വധിച്ചത്. ഭീകരതയെ കുറിച്ച് നിരീക്ഷിക്കുന്ന എസ്ഐടിഇ എന്ന വെബ്സൈറ്റിലും തലവെട്ടുന്ന വീഡിയോ പ്രസിദ്ധീകരിച്ചു. ഫ്രാന്‍സിലെ ഒരു ഏജന്‍സിക്കായി പ്രവര്‍ത്തിക്കുന്ന ഡേവിഡ്‌ ഹെയ്‌ന്‍സിനെ ഐഎസ്‌ഐഎസ്‌ തീവ്രവാദികള്‍  കഴിഞ്ഞ വര്‍ഷമാണ് തട്ടിക്കൊണ്ടുപോയത്‌. 
 
അമേരിക്കയെ സഹായിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന പേരിലാണ് ഐഎസ്‌ തീവ്രവാദികള്‍ രണ്ടു മിനിട്ടും 27 സെക്കന്‍ഡുമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.  
 
ആഴ്ചകള്‍ക്കിടെ ഐഎസ് തീവ്രവാദികള്‍ തലവെട്ടുന്ന മൂന്നാമത്തെ ആളാണ് ഹെയ്ന്‍സ്. ഹെയ്‌ന്‍സിന്റെ കൊലപാതകത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നടുക്കം രേഖപ്പെടുത്തി. പൈശാചികമായ കൃത്യമെന്ന് സംഭവത്തെ വിശേഷിപ്പിച്ച കാമറൂണ്‍, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 


 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക