പകതീരാതെ താലിബാന്‍, താലിബാനെ തുടച്ച് നീക്കാന്‍ പാക്കിസ്ഥാന്‍

Webdunia
വ്യാഴം, 18 ഡിസം‌ബര്‍ 2014 (08:40 IST)
പാകിസ്ഥാനിലെ സൈനിക സ്‌കൂളില്‍ 132 കുട്ടികളുടെ ജീവനെടുത്തതിന് പിന്നാലെ തങ്ങള്‍ ഇനിയും ഇത്തരം ആക്രമണങ്ങള്‍ നടത്തുമെന്ന് പാക് താലിബാന്‍ സന്ദേശം. ഭീകര സംഘടനയുടെ വക്താവ് മൊഹമ്മദ് ഖുറാസാനിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പാക് സൈനിക നേതൃത്വത്തിന് നല്‍കിയത്. ഇതൊരു ട്രെയിലര്‍ മാത്രമാണെന്നും ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ ഇപ്പോഴും തങ്ങള്‍ക്ക് കരുത്തുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്.

ആക്രമണം നടത്തിയ തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചുകൊണ്ടാണ് താലിബാന്‍ ഇത്തരം മുന്നറിയിപ്പ് നല്‍കിയത്. പെഷവാര്‍ ആക്രമണത്തിന് സജ്ജമാകുന്നതിന് മുമ്പായി എടുത്ത് ഭീകരരുടെ ചിത്രമാണിത്. ഇന്ന് രാവിലെയായിരുന്നു താലിബാന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രം അയച്ച ഇ മെയിലിനൊപ്പം സ്വന്തം പ്രവര്‍ത്തികളെ ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്.

താലിബാന്‍ പോരാളികളുടെ കുടുംബങ്ങളെയും നിഷ്‌ക്കളങ്കരായ കുട്ടികളെയും പാക് സേന കൊന്നൊടുക്കിയെന്ന് മൊഹമ്മദ് ഖുറാസാനി ആരോപിക്കുന്നു. അക്രമികളുടെ മൂന്ന് ചിത്രങ്ങളാണ് താലിബാന്‍ പുറത്ത്‌വിട്ടത്. ഫോട്ടോയ്ക്ക് പിന്നാലെ അക്രമത്തിന് നിര്‍ദേശം നല്‍കിയത് താലിബാന്‍ തലവന്‍ മൗലാന ഫൗസലുള്ള ആണെന്ന വാര്‍ത്തയും പുറത്തു വന്നു. നേരത്തേ പാക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയെന്ന പേരില്‍ മലാലയ്ക്ക് നേരെ ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയതും ഫൗസലുള്ളയായിരുന്നു.

അതേസമയം ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും പാകിസ്ഥാന്‍ ഇതുവരെ മോചിതരായിട്ടില്ല. ആക്രമണം നടന്ന് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഇന്ന് രാവിലെ മുതല്‍ മരണമടഞ്ഞവരുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ആള്‍ക്കാര്‍ എത്തിത്തുടങ്ങിയിരുന്നു. കൂട്ടമായിട്ടാണ് മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചത്. താലിബാന്‍ കാര്‍ ജീവനോടെ കത്തിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തഹിരാ കാസിക്കായി വീട്ടുകാര്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. റിട്ടയര്‍ ചെയ്ത കേണലിനെ വിവാഹം ചെയ്തു എന്ന കുറ്റത്തിനാണ് ഇവരെ ജീവനോടെ കത്തിച്ചതെന്നാണ് കരുതുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.