നിമിഷ ഫാത്തിമയെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്

ചൊവ്വ, 17 ഓഗസ്റ്റ് 2021 (10:32 IST)
അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതിനു പിന്നാലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഐഎസ്, അല്‍ ഖ്വയ്ദ തീവ്രവാദികള്‍ ആണ് ഇതില്‍ കൂടുതലും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ഇന്ത്യയില്‍ നിന്നുപോയ എട്ട് മലയാളികളും ഈ കൂട്ടത്തിലുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിച്ചവരിലുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. 21 പേരാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ പോയത്. ഇവര്‍ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്. തുറമുഖങ്ങളിലും അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍