തോര്‍ത്തു കുരുക്കി കഴുത്ത് ഞെരിച്ചാണ് ഫ്രാന്‍സിസ് മകളെ കൊലപ്പെടുത്തിയത്. കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കുന്നതിനിടെ എയ്ഞ്ചല്‍ പിടഞ്ഞപ്പോള്‍ അമ്മ ജെസിമോള്‍ കൈകള്‍ ബലമായി പിടിച്ചുകൊടുത്ത് കൊലപാതകത്തിനു കൂട്ടുനിന്നു. യുവതിയുടെ അമ്മാവന്‍ അലോഷ്യസിനെയും കേസില്‍ പ്രതിചേര്‍ക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണു കുറ്റം. കൃത്യം നടത്തിയ ശേഷം ഫ്രാന്‍സിസ് ഇക്കാര്യം അലോഷ്യസിനെ അറിയിച്ചിരുന്നു.
മകള്‍ സ്ഥിരമായി പുറത്തുപോകുന്നത് പ്രകോപനത്തിനു കാരണം
ജോലി കഴിഞ്ഞെത്തിയാല്‍ എയ്ഞ്ചല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു കറങ്ങാന്‍ പോകുന്ന പതിവുണ്ട്. മകള്‍ സ്ഥിരമായി ഇങ്ങനെ പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണു പിതാവ് ഫ്രാന്‍സിസ് പൊലീസിനോട് പറഞ്ഞത്.
സംഭവം നടന്നത് ചൊവ്വാഴ്ച
ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും എത്തി. വഴക്കിനിടെ ഫ്രാന്‍സിസ് എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. പിന്നീട് തോര്‍ത്തുകൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. എയ്ഞ്ചലിനെ കൊല്ലാന്‍ ഉപയോഗിച്ച തോര്‍ത്ത് വീടിനോടു ചേര്‍ന്നുള്ള ഷെഡിനു മുകളിലേക്ക് വലിച്ചെറിഞ്ഞു. ഇത് പൊലീസ് കണ്ടെത്തി. പിറ്റേന്ന് രാവിലെയാണ് ഇവര്‍ മകള്‍ വിളിച്ചിട്ടു എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞ് ബഹളംവയ്ക്കുകയും അയല്‍വാസികളെ വിവരം അറിയിക്കുകയും ചെയ്തു.
കഴുത്തിലെ പാട് നിര്‍ണായകമായി
പഞ്ചായത്തംഗവും അയല്‍വാസികളും വീട്ടിലെത്തുമ്പോള്‍ എയ്ഞ്ചലിന്റെ മൃതദേഹം കട്ടിലിലായിരുന്നു. തുടര്‍ന്നു ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവെച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. എയ്ഞ്ചലിന്റെ കഴുത്തിലെ പാട് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ ഫ്രാന്‍സിസിനെ സ്റ്റേഷനിലേക്ക് വിളിച്ചു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.