ഈ ക്രൂരത മറക്കാൻ കഴിയില്ല, ഇറാന്റേയും റഷ്യയുടേയും കയ്യിൽ ചോരക്കറയുണ്ട്: ഒബാമ

Webdunia
ശനി, 17 ഡിസം‌ബര്‍ 2016 (17:47 IST)
റഷ്യയ്ക്കും ഇറാനുമെതിരെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. അലപ്പോയിൽ ​ജനങ്ങൾക്കുനേരെ ആക്രമണം നടത്തുന്ന സിറിയയിലെ ബശ്ശാർ അൽ അസദിന്റെറയും അവരെ സഹായിക്കുന്ന  ഇറാ​ന്റെയും റഷ്യയുടെയും കൈയിൽ ചോരക്കറ പുരണ്ടിരിക്കുകയാണെന്ന്​ ഒബാമ പറഞ്ഞു. സത്യം മൂടിവെയ്ക്കാനാണ് സിറിയ ശ്രമിക്കുന്നതെന്നും ഒബാമ വ്യക്തമാക്കി. ഈ ക്രൂരത ലോകം മറക്കില്ലെന്നും ഒബാമ പറഞ്ഞു. വൈറ്റ്​ ഹൗസിൽ, സ്ഥാനമൊഴിയുന്നതിന്​ മുമ്പുള്ള ഈ വർഷത്തെ അവസാന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒബാമ. 
 
സിറിയയിൽ സൈന്യത്തിന്റെ ക്രൂരതക്കിരയാവുന്നവരെ സുരക്ഷിതമായ ഇടനാഴികളിലൂടെ ഒഴിപ്പിക്കുന്നത്​ ഏകോപിപ്പിക്കാൻ സ്വത​ന്ത്രമായ അന്താരാഷ്​ട്ര നിരീക്ഷണ സേന വേണമെന്നും ഒബാമ ആവശ്യപ്പെട്ടു. ലോകത്തി​ന്റെ പല ഭാഗങ്ങളിലും നിസ്സഹായരായ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. എന്നാൽ ഇപ്പോൾ  അലപ്പോയിലെ  ജനങ്ങളെപ്പോലെ പീഡനമനുഭവിക്കുന്നവർ വേറെയില്ല. - ഒബാമ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് എന്ന സ്ഥാനത്ത് ഒബാമ ഇനി വാർത്താസമ്മേളനത്തിൽ സംസാരിക്കില്ല, അവസാനത്ത്ർ മീറ്റിങ്ങ് ആയിരുന്നു കഴിഞ്ഞത്.
 
കിഴക്കന്‍ അലപ്പോയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തശേഷവും  വെടിനിര്‍ത്തല്‍ ധാരണ വകവെക്കാതെ സിറിയന്‍ സൈന്യം ആക്രമണം ഇപ്പോഴും തുടരുകയാണ്. ഷെല്ലുകളില്‍നിന്ന് അഭയം തേടി സിവിലിയന്മാര്‍ തെരുവുകളിലൂടെ ഓടുന്ന കാഴ്ച ഹൃദയഭേദകമാണ്. അമ്പതിനായിരത്തിനും ലക്ഷത്തിനുമിടയില്‍ ആളുകള്‍  കിഴക്കന്‍ അലപ്പോയില്‍ കുടുങ്ങിക്കിടക്കുകയാണ്. 
 
ആറാം വര്‍ഷത്തിലേക്കു കടന്ന സിറിയയിലെ ആഭ്യന്തരയുദ്ധം അലപ്പോയിലെ വിജയത്തിനുശേഷം അവസാനിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ആറുവര്‍ഷമായി സിറിയന്‍ ജനത അനുഭവിക്കുന്ന മാനുഷിക ദുരന്തത്തില്‍ ഒരു വഴിത്തിരിവായിരിക്കും അലപ്പോയില്‍ വിമതരുടെ പരാജയം. അലപ്പോ പിടിച്ചെടുത്തതിനു ശേഷവും ഷെല്ലാക്രമണം തുടരുന്നത് നാശത്തിന്റെ സൂചനയാണ്.
Next Article