സിറിയയില്‍ വ്യോമാക്രമണം; 110മരണം, 300 ഓളം പേര്‍ക്ക് പരുക്ക്

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2015 (12:14 IST)
സിറിയയില്‍ വിമതര്‍ക്കു നേരെ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 300 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമതരുടെ അധീനപ്രദേശമായ ദൗമയിലെ അങ്ങാടിയില്‍ 10 തവണയാണ് സൈന്യം വ്യോമാക്രമണം നടത്തിയത്.

ശക്തമായ വ്യോമാക്രമണത്തില്‍ അങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും കെട്ടിടങ്ങളും വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. വിമതരുടെ അധീനപ്രദേശമായ ദൗമയിലും സമീപപ്രദേശങ്ങളിലും ഹെലികോപ്ടര്‍ ഉപയോഗിച്ച് ശക്തമായ ആക്രമണങ്ങളാണ് സൈന്യം നടത്തുന്നത്. പ്രദേശത്തെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇവര്‍ക്ക് ചികിത്സ നല്‍കുന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

കുറച്ചു നാളുകളായി ദൌമയിലും സമീപപ്രദേശങ്ങളിലും സര്‍ക്കാര്‍ അനുകൂല സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാനത്തെ ജയ്ശെ അല്‍ഇസ്ളാം ഉള്‍പ്പെടെയുള്ള മുഴുവന്‍ വിമതരെയും അടിച്ചമര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്.