അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രംഗത്തെത്തിയ പോണ്‍ താരമാണ് സ്റ്റോമി ഡാനിയല്‍സ്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് മത്സരിക്കാന്‍ സാധിക്കാത്ത വിധമാണ് സ്റ്റോമി ഡാനിയല്‍സ് വിവാദം കത്തിനില്‍ക്കുന്നത്. ട്രംപിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് 2016 ലെ തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. അഞ്ച് വര്‍ഷമായി മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ട്രംപിനെതിരെ അന്വേഷണം നടത്തുകയാണ്. ലൈംഗിക ആരോപണം ഉന്നയിച്ച് സ്റ്റോമി ഡാനിയല്‍സ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പിന് മുന്‍പ് പണം കൈമാറിയതെന്നാണ് ആരോപണം. ട്രംപ് സ്വന്തം കൈയില്‍ നിന്നല്ല തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് പണം നല്‍കിയതെന്നാണ് ആരോപണം. സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ താരത്തിനു പണം നല്‍കിയെന്ന് അദ്ദേഹം സമ്മതിച്ചു. തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നല്ല തന്റെ കൈയില്‍ നിന്നാണ് പണം നല്‍കിയതെന്നാണ് ട്രംപ് പറഞ്ഞത്.
സ്റ്റെഫാനി ഗ്രിഗറി ക്ലിഫോര്‍ഡ് എന്നാണ് ഡാനിയല്‍സിന്റെ യഥാര്‍ഥ പേര്. കുതിരകളെ ഡാനിയല്‍സിന് വളരെ ഇഷ്ടമാണ്. നിശാ ക്ലബുകളില്‍ ജോലി ചെയ്താണ് ഹൈസ്‌കൂള്‍ പഠനകാലത്ത് ഡാനിയല്‍സ് വരുമാനം കണ്ടെത്തിയിരുന്നത്. പിന്നീട് പോണ്‍ സിനിമകളില്‍ താരം അഭിനയിക്കാന്‍ തുടങ്ങി.
കാലിഫോര്‍ണിയയില്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റ് നടക്കുന്ന സമയത്താണ് താന്‍ ട്രംപിനെ പരിചയപ്പെടുന്നതെന്ന് ഡാനിയല്‍സ് പറയുന്നു. ട്രംപിന്റെ അംഗരക്ഷകരില്‍ ഒരാള്‍ തന്നെ അത്താഴത്തിനു ക്ഷണിക്കുകയും പിന്നീട് ട്രംപിനൊപ്പം സെക്സില്‍ ഏര്‍പ്പെടുകയായിരുന്നെന്നും ഡാനിയല്‍സ് പറഞ്ഞു. തുടര്‍ന്ന് ഡാനിയല്‍സും ട്രംപും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു. ട്രംപിന്റെ ടെലിവിഷന്‍ ഷോയില്‍ തനിക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും ഡാനിയല്‍സ് പറയുന്നു. 2016 ലാണ് ഡാനിയല്‍സും ട്രംപും തമ്മിലുള്ള ബന്ധം വഷളാകുന്നത്.