ദക്ഷിണ കൊറിയന്‍ തീരസംരക്ഷണ സേനയെ പിരിച്ചുവിടും

Webdunia
തിങ്കള്‍, 19 മെയ് 2014 (17:33 IST)
ദക്ഷിണ കൊറിയന്‍ കപ്പല്‍ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ തീരസംരക്ഷണ സേനയെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക്ക് ഗ്യൂന്‍ ഹീ അറിയിച്ചു. അപകടത്തിലെ മോശമായ രക്ഷാപ്രവര്‍ത്തനത്തിന്‍റെ പേരിലാണ് സേനയെ പിരിച്ചു വിടുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു.

പുതിയ സുരക്ഷാ ഏജന്‍സി ആവും ദുരന്ത മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുക. ഇനിയൊരു ദുരന്തമുണ്ടായാല്‍ നിലവിലെ ടീമിന് അതിനെ നേരിടാന്‍ ആവില്ളെന്നതിനാലാണ് ഈ നടപടിയെന്നും അവര്‍ പറഞ്ഞു.

രക്ഷപ്രവര്‍ത്തനത്തിന്റെ പാളിച്ചക്കു കാരണമായ സംഭ്വങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നതായും ദുരന്തത്തില്‍ പശ്ചാത്തപിക്കുന്നതായും അവര്‍ ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഏപ്രില്‍ 16നു നടന്ന ദുരന്തത്തില്‍ 286 യാത്രക്കാര്‍ ജീവന്‍ വെടിഞ്ഞിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ആയിരുന്നു അതില്‍ ഭൂരിഭാഗവും. അപകടത്തില്‍ പെട്ട 18 പേരെ കുറിച്ച് ഇനിയും വിവരമില്ല. ഇപ്പോഴും ഇവരുടെ ബന്ധുക്കള്‍ ഇവിടം വിടാതെ ക്യാമ്പു ചെയ്യുകയാണ്.