പശ്ചിമേഷ്യയില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം ശക്തമായതോടെ പ്രതിസന്ധിയിലായ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രതീക്ഷയേകി പുതിയ ഫോര്‍മുലയുമായി യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജീന്‍ ക്ളോഡ് ജങ്കര്‍ രംഗത്തുവന്നു. ഓരോ രാജ്യത്തിനും നിശ്ചിത ക്വോട്ട നിര്‍ണയിക്കണമെന്നു വ്യവസ്ഥചെയ്യുന്ന ഫോര്‍മുലയാണ് അദ്ദേഹം അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ഷിക നയപ്രഖ്യാപന പ്രസംഗത്തിലാണ് പുതിയ ഫോര്‍മുല കൊണ്ടുവന്നത്. ഇതില്‍ 1,20,000 അഭയാര്‍ഥികളെക്കൂടി യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ബന്ധമായി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ക്ളോഡ് ജങ്കറിന്റെ ഫോര്‍മുല അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. നിശ്ചിതതോതില്‍ അഭയാര്‍ഥികളെ നിര്‍ബന്ധമായി സ്വീകരിക്കണമെന്ന നിര്‍ദേശം പൂര്‍ണമായി മാനിക്കാന്‍ പലരും തയ്യാറല്ല. ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ച ജര്‍മനി കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഓരോ യൂറോപ്യന്‍ രാജ്യവും തയാറാകണമെന്നും ആഹ്വാനംചെയ്തു.
ക്ളോഡ് ജങ്കറുടെ പുതിയ ഫോര്‍മൂല സെപ്റ്റംബര്‍ 14ന് ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്റെ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനം അവലോകനം ചെയ്യും. അതേസമയം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതക്കെതിരെ പോരാടുന്ന യൂറോപ്പ് അതുവഴി ആവിര്‍ഭവിക്കുന്ന അഭയാര്‍ഥിപ്രശ്നത്തിനും പരിഹാരം കണ്ടത്തൊന്‍ ബാധ്യസ്ഥരാണെന്ന് ക്ളോഡ് ജങ്കര്‍ ഓര്‍മിപ്പിച്ചു. ഫ്രാന്‍സ്, ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് അഭയാര്‍ഥികള്‍ ആദ്യം എത്തിച്ചേരുന്നത്. എന്നാല്‍, അഭയാര്‍ഥികളെ ഇവിടെ തളച്ചിടാന്‍ സാധ്യമല്ല. അഭൂതപൂര്‍വമായ അഭയാര്‍ഥി പ്രവാഹം കൈയാളാന്‍ സംയോജിത നീക്കം അനിവാര്യമാണ് -അദ്ദേഹം ഓര്‍മിപ്പിച്ചു.