സംഗീതപരിപാടിയ്ക്കിടെ വെടിവെപ്പ്: ആറ് പേര്‍ക്ക് പരുക്ക്

ഞായര്‍, 6 ജൂലൈ 2014 (08:47 IST)
ഹൂസ്‌റ്റണില്‍ സംഗീതപരിപാടിയ്ക്കിടെ നടന്ന ആക്രമത്തില്‍ ആറ്‌ പേര്‍ക്ക്‌ പരുക്കേറ്റു. ഇതില്‍ നാലു പേര്‍ക്ക്‌ വെടിയേറ്റു. ഹോസ്‌റ്റണ്‍ കരീബിയന്‍ ഫെസ്‌റ്റിവെല്ലിനിടെയായിരുന്നു സംഭവം. തോക്കുധാരിയായ ഒരാളെത്തി ജനക്കൂട്ടത്തിന് നേരേ വെടി വെയ്‌ക്കുകയായിരുന്നു.
 
ആക്രമണത്തില്‍ രണ്ടു യുവതികളും ഉള്‍പ്പെട്ടിട്ടുണ്ട്‌. ശനിയാഴ്‌ച പുലര്‍ച്ചെ സംഗീത പരിപാടികള്‍ കാണാന്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്കിടയിലേക്ക്‌ കയറിയ ഒരാള്‍ വെടി ഉതിര്‍ക്കുകയായിരുന്നു. നാലു പേര്‍ക്ക്‌ സംഭവ സ്‌ഥലത്തു വെച്ച്‌ തന്നെ വെടിയേറ്റു. 
 
ഇതിനിടെ പരിഭ്രാന്തരായി നാലുപാടും ചിതറി ഓടിയവരുടെ ചവിട്ടേറ്റാണ് രണ്ടു പേര്‍ക്ക്‌ പരിക്കേറ്റത്‌. ഇവരുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട്‌ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. 

വെബ്ദുനിയ വായിക്കുക