ഫയര്‍‌മാന്‍ പുലിയാണ് കെട്ടോ; അഡ്രസ് ഹോട്ടലിലെ തീപിടുത്തം അണയ്‌ക്കാനെത്തിയത് ദുബായ് ‌രാജകുമാരനും സംഘവും

Webdunia
ശനി, 2 ജനുവരി 2016 (14:38 IST)
പുതുവര്‍ഷാഘോഷത്തിനിടെ ബുര്‍ജ് ഖലീഫയുടെ സമീപത്തെ അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തം അണയ്‌ക്കാന്‍ എത്തിയ സുരക്ഷാസംഗത്തില്‍ ദുബായ് ‌രാജകുമാരനും. ദുബായി ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ഷേഖ് മന്‍‌സൂര്‍ ബിന്‍ മുഹമ്മദാണ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സംഭവസ്ഥലത്ത് എത്തിയത്.

രാത്രി പതിനൊന്നുമണിയോടെയാണ് ബുര്‍ജ് ഖലീഫയുടെ 200മീറ്റര്‍ അകലെയുള്ള അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വന്‍ തീപിടുത്തമുണ്ടായത്. ബുര്‍ജ് ഖലീഫയില്‍ വന്‍ കരിമരുന്ന് കലാപ്രകടനം നടക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് സംഭവമുണ്ടായത്. ലക്ഷക്കണക്കിനാളുകളാണ് ഈ സമയം സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.

തീ പടര്‍ന്നു പിടിച്ചതോടെ പൊലീസും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. സിവില്‍ ഡിഫന്‍‌സ് ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു രാജകുമാരന്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയതും പങ്കാളിയായതും. തീ അണയ്‌ക്കുന്നതിനും ജനങ്ങളെ പ്രദേശത്തു നിന്നും മാറ്റി നിര്‍ത്തുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാജകുമാരന്റെ ചിത്രം പകര്‍ത്തിയത് ഗള്‍ഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ അഹമ്മദ് റംസാനാണ്. തുടര്‍ന്നാണ് ഈ ചിത്രം പുറത്തുവരുന്നത്. ആഘോഷങ്ങള്‍ ഒഴിവാക്കി  ജനങ്ങളെ രക്ഷിക്കാനെത്തിയ രാജകുമാരന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

ഒരു മണിക്കൂറിനുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഹോട്ടലില്‍ തീ പടര്‍ന്നു പിടിച്ച സാഹചര്യം വ്യക്തമല്ല. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണത്തിന് തുടക്കമിട്ടു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്നും പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് അധികം വൈകാതെ പുറത്തുവിടുമെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. വന്‍ തിരക്കുള്ള ദുബായ് ഷോപ്പിംഗ് മാളിന് എതിര്‍വശത്താണ് പ്രശസ്തമായ അഡ്രസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.