തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടിയെടുക്കുമെന്നു സൗദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതിയ നിയമ ഭേദഗതിപ്രകാരം തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഉച്ച അവധി നിര്‍ബന്ധമാക്കിയ മാസങ്ങള്‍ മൂന്നാക്കി.
ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുന്നതു കൊണ്ടാണ് ഇത്തരം നിയമം സൌദിയില്‍ നടപ്പിലാക്കുന്നത് ജൂലൈ, ഓഗസ്റ് മാസങ്ങളില്‍ ആയിരുന്നു നേരത്തെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. ഇത് ജൂണ്‍ പതിനഞ്ചു മുതല്‍ സെപ്തംബര്‍ പതിനഞ്ചു വരെ, അതായത് മൂന്നു മാസമായി വര്‍ദ്ധിപ്പിച്ചു.
കടുത്ത ചൂട് അനുഭവപ്പെടുന്ന ഈ മൂന്നു മാസക്കാലം ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതല്‍ മൂന്നു മണി വരെ തൊഴിലാളികളെ കൊണ്ട് തുറന്ന സ്ഥലത്ത് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ല. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കും.
ഓരോ നിയമലംഘനത്തിനും മുവ്വായിരം റിയാല്‍ മുതല്‍ പതിനായിരം റിയാല്‍ വരെ പിഴ ഈടാക്കും. കൂടാതെ സ്ഥാപനം ചുരുങ്ങിയത് ഒരു മാസം അടച്ചിടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ എണ്ണ, ഗ്യാസ് മേഖലകളിലും അടിയന്തിര ശുചീകരണ മേഖലകളിലും ഉച്ച വിശ്രമത്തിനു ഇളവ് അനുവദിച്ചിട്ടുണ്ട്.
ഈ തൊഴിലാളികള്‍ക്ക് സൂര്യാതാപം എല്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. ഉച്ചവിശ്രമ സംബന്ധമായ പരാതികള്‍ അറിയിക്കാനായി 92 000 11 73 എന്ന ഹോട്ട്ലൈന്‍ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2010ലാണ് ഉച്ചവിശ്രമം അനുവദിക്കാന്‍ സൗദിയില്‍ ല്‍ നിയമം പ്രാബല്യത്തില്‍ വന്നത്.