തുര്‍ക്കിയുമായുള്ള സൈനിക സഹകരണം റഷ്യ അവസാനിപ്പിച്ചു

Webdunia
വ്യാഴം, 26 നവം‌ബര്‍ 2015 (13:25 IST)
സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുന്നു.
തുര്‍ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുന്നതായി റഷ്യ വ്യക്തമാക്കുകയും ചെയ്‌തു. തങ്ങളുടെ പൌരന്‍‌മാര്‍ തുര്‍ക്കി സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തുര്‍ക്കി ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ നടത്തിയത്.  തുര്‍ക്കിയെ ഇസ്ലാമികവല്‍കരിക്കാനുള്ള നീക്കങ്ങളാണ് നിലവിലെ ഭരണകൂടം നടത്തുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്‌തു.

അതേസമയം, റഷ്യക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി തുര്‍ക്കിയും രംഗത്തെത്തി.  രാജ്യത്തിനെതിരായ ഏതൊരു നീക്കവും ശക്തമായി പ്രതിരോധിക്കുമെന്ന് പ്രധാനമന്ത്രി അഹമ്മദ് ദാവുദ് ഒഗ്ലു പറഞ്ഞു. ഇസ്‌ലാമിക ഭീകരരെ നശിപ്പിക്കാനെന്ന പേരില്‍
റഷ്യ നടത്തുന്ന വ്യോമാക്രമണത്തില്‍ നിരവധി സിവിലിയന്മാരാണ് കൊല്ലപ്പെടുന്നത്. ഐഎസ് ഭീകരരെ ലക്ഷ്യമാക്കിയല്ല റഷ്യ ആക്രമണം നടത്തുന്നത്. സിറിയയിലുള്ള തുര്‍ക്കി വംശജരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ടത് മുന്നറിയിപ്പ് നല്‍കാതെയാണെന്ന് റഷ്യൻ പൈലറ്റ് കൊൺസ്റ്റാന്‍റിൻ മുറഖ്ടിൻ വ്യക്തമാക്കി.

ചില റേഡിയോ സന്ദേശങ്ങൾ മാത്രമാണ് തുർക്കിയുടെ ഭാഗത്തു നിന്നും ലഭിച്ചത്. വിമാനം ഒരു നിമിഷം പോലും തുർക്കിയുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയോ അതിര്‍ത്തി ലംഘിക്കുകയോ ചെയ്‌തിട്ടില്ല. നല്ല കാലാവസ്ഥ ആയിരുന്നു. 6000 മീറ്റർ ഉയരത്തിലാണ് വിമാനം പറത്തിയതെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റ് കൊൺസ്റ്റാന്‍റിൻ മുറഖ്ടിൻ പറഞ്ഞു. വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട പൈലറ്റ് സഖ്യസേനയുടെ ക്യാമ്പിൽ വെച്ചു റഷ്യൻ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. ക്യാമറകൾക്ക് മുഖം നൽകാതെയാണ് പൈലറ്റ് മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചത്. അതേസമയം,​ രക്ഷപ്പെട്ട രണ്ടാമത്തെ പൈലറ്റിനെ ഭീകരർ പിടികൂടി വധിച്ചുവെന്നാണ് വിവരം.

വിമാനം വെടിവച്ചിടും മുമ്പ് പത്ത് തവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് തുർക്കി അവകാശപ്പെട്ടത്. ആവർത്തിച്ചു നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വെടിവച്ചതെന്നാണ് തുർക്കിയുടെ നിലപാട്. അതേസമയം, പൈലറ്റിന് മുന്നറിയിപ്പ് നൽകിയത് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം തുർക്കി സൈന്യം പുറത്തുവിട്ടു. നിങ്ങൾ തുർക്കിയുടെ അതിർത്തി ലംഘിച്ചിരിക്കുകയാണെന്നും മടങ്ങി പോകണമെന്നും വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്.