ഐ‌എസിനെ തകര്‍ക്കാന്‍ സിറിയയിലേക്ക് ചൈനയും പറന്നെത്തും

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (16:20 IST)
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ സൈനിക നിക്കത്തില്‍ റഷ്യയ്ക്കൊപ്പം ചൈനയും പങ്കാളിയാകാനൊരുങ്ങുന്നു. ഇതോടെ പശ്ചിമേഷ്യയില്‍ ആദ്യം മുതല്‍ ഇടപെടല്‍ നടത്തിവന്ന അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ ആക്രമണത്തിന് പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങി. സിറിയയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന് എതിരെ അമേരിക്കയും സഖ്യ കക്ഷികളും രംഗത്ത് വന്നതിനു പിന്നാലെയാണ് ചൈന റഷ്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയിലെ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. ഇതോടെ ഐസിസിനെതിരെ റഷ്യയെടുക്കുന്ന നിലപാടിന് അംഗീകാരം കൂടുകയാണ്. സിറിയയിലെ ആക്രമണത്തില്‍ അസദിനെതിരെ പോരാടുന്ന വിമതര്‍ക്കെതിരെയും റഷ്യ ആക്രമണം നടത്തുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. സിറിയന്‍ വിമതര്‍ക്ക് ആയുധവും സഹായവും നല്‍കുന്നത് അമേരിക്കയാണ്. അസദിനെ ശക്തിപ്പെടുത്താതെ ഐ‌എസിനെ തോല്‍പ്പിക്കാനാകില്ലെന്നാണ് റഷ്യന്‍ വാദം. എന്നാല്‍ അസദിനെ അധികാരഭ്രഷ്ടനാക്കാതെ ഒരു നീക്കത്തിലും അമേരിക്കയ്ക്ക് താല്‍പ്പര്യവുമില്ല.

അമേരിക്കയുടെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ദിവസം ഐ.എസ് കേന്ദ്രങ്ങൾക്ക് നേരെ 20 ആക്രമണങ്ങൾ റഷ്യ നടത്തിയിരുന്നു. കാസ്പിയൻ സമുദ്രത്തിലുള്ള റഷ്യൻ യുദ്ധകപ്പലുകൾ വഴിയായിരുന്നു ആക്രമണം. നാല് യുദ്ധകപ്പലുകളിൽ നിന്ന് 11 ഐ.എസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 26 മിസൈലുകൾ അയച്ചതായി റഷ്യ അവകാശപ്പെട്ടു. റഷ്യയ്ക്കൊപ്പം ചൈനയും വ്യോമാക്രമണം തുടങ്ങിയാല്‍ ഐ‌എസിനെ പ്രതിരോധിക്കാനാകുമെന്നാണ് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ കരുതുന്നത്.

അതിനിടെ സിറിയൻ സൈന്യത്തിന്റെ പിന്തുണയോടെ രാജ്യത്തെ സായുധവിഭാഗങ്ങൾക്കെതിരെ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. 26 ക്രൂയ്‌സ് മിസൈലുകളടങ്ങുന്ന നാലു യുദ്ധക്കപ്പലുകൾ സിറിയയിലേക്കയച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ വ്യക്തമാക്കി. റഷ്യൻ വ്യോമാക്രമണത്തിൽ സിറിയയിലെ ഹമാ പ്രവിശ്യയിലും ഇദ്‌ലിബ് പ്രവിശ്യയുടെ അതിർത്തിയിലും നാല് സിവിലിയന്മാർ കൊല്ലപ്പെട്ടു. 12ലേറെ പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വിമതരുടെ ശക്തികേന്ദ്രമാണിത്. റഷ്യയ്‌ക്കൊപ്പം യുദ്ധമുന്നണിയിൽ ഇറാനും ഉണ്ട്.

ഇറാന്‍ കരസേന സിറിയയില്‍ ഐ‌എസിനെതിരെ പോരാടാനിറങ്ങിയിട്ടുണ്ട്. സിറിയയിൽ റഷ്യ ആരംഭിച്ച വ്യോമാക്രമണം തന്നെ രക്ഷിക്കാനാണെന്ന വിമർശനങ്ങളെ ശരിവക്കുക കൂടിയാണ് അസദ്. രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലെ റഷ്യൻ ഇടപെടൽ പരാജയപ്പെട്ടാൽ മദ്ധ്യപൂർവേഷ്യ തകരുമെന്ന് അസദ് പറഞ്ഞു. റഷ്യ, സിറിയ, ഇറാഖ്, ഇറാൻ എന്നിവരുടെ സഖ്യം പരാജയപ്പെട്ടാൽ പ്രദേശം തകരുമെന്നാണ് അദ്ദേഹം പറഞ്ഞത്. സഖ്യം വിജയിക്കാനുള്ള സാദ്ധ്യത വളരെക്കൂടുതലാണെന്നും ഇത് വളരെ പ്രസക്തമാണെന്നുമാണ് അസദിന്റെ പക്ഷം.

ഐഎസുൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ അമർച്ച ചെയ്യാൻ ഗൾഫ് സഖ്യരാജ്യങ്ങളും പടിഞ്ഞാറൻ ശക്തികളും ഉൾപ്പെടെയുള്ളവരെ അദ്ദേഹം ക്ഷണിച്ചു. തീവ്രവാദികൾക്ക് പിന്തുണ കിട്ടുന്നത് ഒന്നിച്ചുള്ള പ്രവർത്തനത്തിലൂടെ ഒഴിവാക്കാമെന്നും അത് പിന്നീടുള്ള നേട്ടത്തിന് കാരണമാകുമെന്നും അസദ് പറഞ്ഞു.