സര്‍വ്വ സജ്ജമായ ആയുധങ്ങളുമായി റഷ്യ വീണ്ടും ആര്‍ട്ടിക്കിലേക്ക്, അമേരിക്കയുടെ മുട്ട് വിറച്ചുതുടങ്ങി

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2015 (14:27 IST)
സിറിയയിലെ ഐ‌എസ് ഭീകരരെ ഒറ്റയ്ക്ക് എതിരിട്ട് നിലംപരിശാക്കിയ റഷ്യ പാശ്ചാത്യ ശക്തികള്‍ക്ക് കുറച്ചൊന്നുമല്ല തിരിച്ചടി നല്‍കിയത്. അതിനു പിന്നാലെ ലോകത്തിന്റെ ശാക്തിക ചേരികളെ തന്നെ മാറ്റിമറിച്ചേക്കാവുന്ന തരത്തില്‍ റഷ്യ സൈനിക കരുത്ത് കാണിക്കാനൊരുങ്ങുന്നു. ആർട്ടിക്കിൽ സ്ഥിരം പട്ടാള യൂണിറ്റ് സ്ഥാപിക്കുവാനൊരുങ്ങുകയാണ് റഷ്യ.

സോവിയറ്റ് യൂണിയന്റെ കാലത്ത് ആർട്ടിക് മേഖലയിൽ ഉണ്ടായിരുന്ന സൈനിക താവളങ്ങള്‍ വീണ്ടെടുക്കുകയാണ് റഷ്യ. ഇതിനൊപ്പം പുതിയ താവളങ്ങളും നിര്‍മ്മിച്ചേക്കും. 2018-ഓടെ ആര്‍ട്ടിക് മേഖലയിലെ ആദ്യ സൈനിക യൂണിറ്റ് നിലവില്‍ വരുമെന്നാണ് ഇപ്പോള്‍ പുറത്ത്‌വരുന്ന വാര്‍ത്തകള്‍. കോട്ടെൻലി ദ്വീപിലെ നോനോസിബിർസ്‌കിൽ താവളത്തിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.

ആർട്ടിക്കിലെ ഫ്രാൻസ് ജോസഫ് ലാൻഡിൽ ഒരു സൈനിക താവളം കൂടി പൂർത്തിയായി വരുന്നുണ്ട്. താവളം തുറന്നാൽ 150-ഓളം സൈനികരെ ഇവിടേയ്ക്ക് നിയോഗിക്കും. ആർട്ടിക് പ്രവിശ്യയിലെ അതിർത്തികൾ സംരക്ഷിക്കുന്നതിനാണ് അത്യന്താധുനിക സംവിധാനങ്ങളോടെ സൈന്യത്തെ നിയോഗിക്കുന്നത്. 2008-ലാണ് ഈ ആശയവുമായി റഷ്യ ആദ്യം മുന്നോട്ടുവരുന്നത്. എന്നാൽ, ഇതേവരെ അവിടെ സൈന്യത്തെ നിയോഗിച്ചിരുന്നില്ല. എന്നാല്‍ നിപ്പോള്‍ നിര്‍മ്മിക്കുന്ന സൈനിക താവളങ്ങളില്‍ പുറം ലോകവുമായി ബന്ധമില്ലാതെ 18 ദിവസത്തോളം സൈനികര്‍ക്ക് അതിജീവിക്കാനാകുന്ന തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.