മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി നാനൂറിലേറെ മരണം

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2016 (07:37 IST)
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നാനൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 240ലധികം അഭയാര്‍ത്ഥികളുമായി ലിബിയയില്‍ നിന്നും പുറപ്പെട്ട ബോട്ടിലെ അഭയാര്‍ത്ഥികളെ യാത്രാമദ്ധ്യേ മറ്റൊരു ബോട്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.

അപകടത്തില്‍ വളരെ കുറച്ച് ആളുകളെ മാത്രമേ രക്ഷിക്കാന്‍ സാധിച്ചിട്ടുള്ളു. എത്രപേര്‍ മരിച്ചുവെന്ന് ഔദ്യോഗിക സ്ഥീരികരണം പുറത്തു വന്നിട്ടില്ല.  കെയ്‌റോവിലെ സൊമാലി എംബസി നല്‍കുന്ന കണക്കനുസരിച്ച് നാനൂറിലധികം പേര്‍ മരണപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

മുന്നൂറ് അഭയാര്‍ത്ഥികളുമായി വരികയായിരുന്ന മറ്റൊരു വലിയ ബോട്ടിലേക്കാണ് 240 അഭയാര്‍ത്ഥികളെ മാറ്റിയത്. ഇതിനെതുടര്‍ന്നായിരുന്നു അപകടം നടന്നത്. അതുവഴി വരികയായിരുന്ന ഒരു ചരക്കുകപ്പലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലിബിയയില്‍ നിന്നും ലാമ്പഡുസയിലേക്കുള്ള യാത്രക്കിടയില്‍ ബോട്ട് മുങ്ങി 800 പേര്‍ മരിച്ച അപകടത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് വീണ്ടും ഈ ദുരന്തം നടന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം