വാര്‍ത്ത വായിക്കാനും ഇനി റോബോട്ടുകളെത്തും!

Webdunia
വ്യാഴം, 26 ജൂണ്‍ 2014 (17:35 IST)
ചാനല്‍ അവതാരകരേ, നിങ്ങള്‍ക്ക് ഗമണ്ടന്‍ പണി ജപ്പാന്‍കാര്‍ തന്നിരിക്കുന്നു. ഇനി താമസിക്കാതെ നിങ്ങള്‍ക്ക് ജോലി വിട്ട് മറ്റുപണികള്‍ തേടിപ്പോകേണ്ടി വരും.  കാര്യമെന്തെന്നല്ലെ? ജപ്പാനില്‍ വാര്‍ത്തകള്‍ വായിക്കാന്‍ റോബോട്ടുകള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു!

ടോക്കിയോയിലെ നാഷനല്‍ മ്യൂസിയം ഓഫ് എമേര്‍ജിങ് സയന്‍സ് ആന്‍ഡ് ഇന്നവേഷനിലാണ് പ്രഫ. ഹിരോഷി ഇഷിഗുറോയുടെ നേതൃത്വത്തില്‍ ലോകത്തിലെ ആദ്യത്തെ വാര്‍ത്താ വായനക്കാരികളായ റോബോട്ടുകളെ തയാറാക്കിയത്. ഇനി കഴിവും സൌന്ദര്യമൊന്നും ഉണ്ടായിട്ടു കാര്യമില്ല.

ചെറുപ്പക്കാരികളേക്കാള്‍ ചുറുചുറുക്കായി ഇവര്‍ വാര്‍ത്തകള്‍ വായിക്കുന്നുണ്ട് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞദിവസം ക്ഷണിക്കപ്പെട്ട മാധ്യമപ്രതിനിധികളുടെ മുന്നില്‍ കണ്ണുചിമ്മിയും നേര്‍ത്ത ചിരിസമ്മാനിച്ചും ഇവര്‍ വാര്‍ത്ത അവതരിപ്പിച്ചു. എഫ്ബിഐ റെയ്ഡിനെപ്പറ്റിയും ഭൂകമ്പത്തെപ്പറ്റിയുമായിരുന്നു വാര്‍ത്തകള്‍. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് അവരുടെ നേരെ തലതിരിച്ച് വ്യക്തമായ ഉത്തരവും നല്‍കി.

അതില്‍ ചെറുപ്പക്കാരിയായ റോബട്ടിന്റെ പേര് കൊഡോമോറോയ്ഡ്. കൊഡോമ എന്നാല്‍ കുട്ടിയെന്നാണ് ജാപ്പനീസ് അര്‍ഥം. മുതിര്‍ന്ന റോബട് എന്നര്‍ഥം വരുന്ന പേരുള്ള ഒട്ടോണറോയ്ഡുമുണ്ട് ഒപ്പം. നാഷനല്‍ മ്യൂസിയത്തിലെത്തുന്ന കാഴ്ചക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ ഇനി ഈ റോബോട്ടിക് സുന്ദരിമാരുമുണ്ടാകും.