ബുറുണ്ടിയില്‍ കലാപം; വെടിവെപ്പില്‍ 87 മരണം, മരണസംഖ്യ ഉയരും

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2015 (12:29 IST)
ബുറുണ്ടിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തില്‍ 87 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എട്ട് സൈനികരും 79 വിമതരുമാണ് കൊല്ലപ്പെട്ടത്. ഇതുവരെ 34 സിവിലിയന്‍‌മാര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. വിവിധയിടങ്ങളിലുണ്ടായ ആക്രമണത്തില്‍ 45 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും വിവിധ കേന്ദ്രങ്ങളിലും നടത്തിയ റെയ്‌ഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചത്. മൂന്നാംതവണ പ്രസിഡന്‍റ് പദത്തിലെത്തിയ പിയറെ എന്‍കുറുന്‍സിസയുടെ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. വിമതരും സര്‍ക്കാര്‍ അനുഭാവികളായ പൊലീസും പരസ്‌പരം വെടിയുതിര്‍ക്കുകയായിരുന്നു.

പൊലീസിന്റെ വെടിവെപ്പില്‍ നിരവധി പേരാണ് മരിച്ചത്. കൊല്ലപ്പെട്ട ചിലരുടെ ശരീരത്തില്‍ കൈകള്‍ പിറകിലേക്ക് കൂട്ടിക്കെട്ടിയ നിലയിലാണ്. കഴിഞ്ഞദിവസം സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ 3 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ പ്രതികാര നടപടിയാണ് സിവിലിയന്മാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പ്.