അഭയാര്‍ഥികളുടെ ഒഴുക്ക് അതിശക്‍തം; ആസ്ത്രിയക്കെതിരെ ജര്‍മ്മനി

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2015 (09:06 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാക്ക് സിറിയ എന്നിവടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ജര്‍മ്മനിയിലേക്ക് കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ ആസ്ത്രിയക്കെതിരെ ജര്‍മ്മനി രംഗത്ത്. അഭയാര്‍ഥികളെ കൈകാര്യം ചെയ്യുന്നതില്‍ ആസ്‌ത്രിയ പരാജയമാകുകയാണ്. അഭയാര്‍ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന തുടരുകയാണ്. ആസ്‌ത്രിയ രാജ്യത്തിലേക്ക് മതിയായ രേഖകളില്ലാത്തവരെ കടത്തി വിടുകയാണെന്നും ജര്‍മ്മനി വ്യക്തമാക്കി.

അഭയാര്‍ഥി വിഷയത്തില്‍ ആസ്ത്രിയയുടെ നിലപാട് ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. രാത്രിയുടെ മറവില്‍ മതിയായ രേഖകള്‍ ഇല്ലാത്ത അഭയാര്‍ഥികളെ ആസ്ത്രിയ ജര്‍മനിയിലേക്ക് കടത്തിവിടുകയാണ്. അഫ്ഗാനിസ്താനിലെ മധ്യവര്‍ഗ്ഗകുടുബങ്ങളില്‍ നിന്ന് വരെ കൂടിയ അളവില്‍ അഭയാര്‍ഥികളെത്തുകയാണെന്നും ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ഡിമെയ്സിയര്‍ പറഞ്ഞു.

 യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യമാണ് ജര്‍മനി.  നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ ചെറുഗ്രൂപ്പുകളായി മാത്രമേ അഭയാര്‍ഥികളെ കടത്തി വിടാന്‍ പാടുള്ളൂവെന്ന ജര്‍മനിയുടെ നിബന്ധന ആസ്ത്രിയ നേരത്തെ അഗീകരിച്ചിരുന്നുവെങ്കിലും അഭയാര്‍ഥികളെ ജര്‍മ്മനിയിലേക്ക് കടത്തിവിടുകയാണ്.

സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി ഒന്നര മാസത്തിനിടെ രണ്ടര ലക്ഷം അഭയാർഥികള്‍ യൂറോപ്പിലെത്തിയ സാഹചര്യത്തില്‍ ഒരു ലക്ഷം അഭയകേന്ദ്രങ്ങളൊരുക്കുമെന്ന് യൂറോപ്പ് വ്യക്തമാക്കിയിരുന്നു.
17 ഇന കർമപദ്ധതികള്‍ക്കാണ് തിങ്കളാഴ്ച ബ്രസൽസിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്.

യുഎൻ അഭയാർഥി ഏജൻസിയുടെ മേല്‍‌നോട്ടത്തില്‍ ഗ്രീസിൽ അരലക്ഷവും ബാൾക്കൻ രാജ്യങ്ങളിൽ അവശേഷിച്ച അരലക്ഷവും അഭയകേന്ദ്രങ്ങളാണ് നിര്‍മിക്കുന്നത്. പശ്ചിമ യൂറോപ്പിലേക്കുള്ള വഴിയിൽ അഭയാർഥികൾക്ക് ഭവനങ്ങൾ നിർമിക്കാനുള്ള പദ്ധതിക്കെതിരെ ക്രൊയേഷ്യ ഉൾപ്പെടെ രാജ്യങ്ങൾ രംഗത്തുണ്ടായിരുന്നു. അതേസമയം, യുദ്ധഭൂമികളിൽ നിന്നല്ലാതെ എത്തുന്നവരെ മടക്കിയയക്കാനും തീരുമാനമുണ്ട്.