ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്‌സേ തോല്‍വി സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണലില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന മുന്നേറുകയാണ്. 56.5 ശതമാനം വോട്ടാണ് സിരിസേന ആദ്യ റൗണ്ടില്‍ നേടിയത്. രാജപക്‌സേയ്ക്ക് 42 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. തമിഴര്‍ക്കു ഭൂരിപക്ഷമുള്ള വടക്കു കിഴക്കന്‍ മേഖലകളില്‍ കനത്ത പോളിംഗ് തെരഞ്ഞെടുപ്പ് ദിവസം രേഖപ്പെടുത്തിയിരുന്നു. ഇവിടെ നിന്നുള്ള വോട്ടുകള്‍ സിരിസേനയ്ക്ക് അനുകൂലമായി.
കൂടാതെ സിംഹള വോട്ടുകളും രാജപക്സേയുടെ വോട്ടുബാങ്കുകളില്‍ നിന്ന് സിരിസേന കൊണ്ടുപോയി. ശ്രീലങ്കയിലെ മുസ്ലീം വോട്ടുകളും സിരിസേനയ്ക്കാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നതോടെ രാജപക്സേ തോല്‍വി സമ്മതിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കുന്നു. ജനങ്ങളുടെ ഇഷ്ടമനുസരിച്ച് അധികാരം അടുത്ത ആള്‍ക്ക് കൈമാറുകയാണ്. പുതിയ പ്രസിഡന്റ് വൈകുന്നേരം അധികാരത്തില്‍ വരും. ഇതാണ് രാജപക്സേ പ്രസ് സെക്രട്ടറിവഴി മാധ്യമങ്ങളെ അറിയിച്ചത്. ഇതിനു ശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി രാജപക്സെ ഒഴിയുകയും ചെയ്തു.
കഴിഞ്ഞ രണ്ടു തവണയായി രജപക്സെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ്. എല്‍ടിടിഇക്കെതിരായ നടപടിയിലൂടെ സിംഹളര്‍ക്കിടയില്‍ നേടിയ ജനപ്രീതിയാണ് കഴിഞ്ഞ രണ്ടുതവണ അധികാരത്തിലത്തൊന്‍ രാജപക്സക്ക് തുണയായത്. എന്നാല്‍, അധികാരം തന്നില്‍ കേന്ദ്രീകരിച്ചതും അടുത്തബന്ധുക്കളെ സുപ്രധാന പദവികളില്‍ നിയമിച്ചതും അഴിമതി വര്‍ധിച്ചതും രാജപക്സയുടെ ജനപ്രീതി താഴ്ത്തി. ഇന്ത്യന്‍ സിനിമ താരമായ സല്‍മാന്‍ ഖാനെപ്പോലെയുള്ളവരെ രാജപക്‌സെ പ്രചരണത്തിന് ഇറക്കിയിരുന്നു. തന്റെ കാലവധി പൂര്‍ത്തിയാകും മുന്‍പാണ് രാജപക്‌സെ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്.
വെള്ളിയാഴ്ച വൈകുന്നേരം തന്നെ പുതിയ പ്രസിഡന്റ് അധികാരം ഏല്‍ക്കുമെന്ന് സിരിസേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാജപക്സെ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്നു സിരിസേന. നാടകീയമായി രാജിവച്ചാണ് അദ്ദേഹം മത്സര രംഗത്തെത്തിയത്. ലങ്കയില്‍ എല്ലായിടത്തും ആളുകള്‍ പടക്കം പൊട്ടച്ചും മധുരം വിതരണം ചെയ്തും സിരിസേനയുടെ വിജയം ആഘോഷിക്കുകയാണ്.