പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോചിനെ കൊലപ്പെടുത്തിയ മകനെ വെടിവെച്ച് കൊല്ലണമെന്ന് ഇരുവരുടേയും അച്ഛനായ അന്‍വര്‍ അസീം. അവനെ കാണുന്ന മാത്രയില്‍ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്, അവനെന്റെ ഇളയ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു. ഞങ്ങളെ മരുന്നു നല്‍കി മയക്കി കെടുത്തിയിട്ടായിരുന്നു അവനിത് ചെയ്തത്. അവള്‍ സഹായത്തിനായി ഞങ്ങളെ വിളിച്ചിട്ടുണ്ടാവുമെന്നും അന്‍വര്‍ അസീം വ്യക്തമാക്കി.
കുടുംബാംഗങ്ങള്‍ വസീമിന് മാപ്പു നല്‍കാന്‍ തയാറായത് ബലോചിന്‍റെ മരണം ദുരഭിമാന കൊലയാണെന്ന് സ്ഥിരീകരിക്കുന്നതാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മുമ്പു നടന്ന ദുരഭിമാന കൊലപാതകങ്ങളില്‍ പലതിലും കുടംബാംഗങ്ങള്‍ മാപ്പു നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ പ്രതിക്ക് മാപ്പു നല്‍കിയാല്‍ ശിഷ ഇളവുചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്.
മയങ്ങാനുള്ള ഗുളിക കൊടുത്തശേഷം കഴുത്തു ഞെരിച്ചാണ് ബലോചിനെ താന്‍ കൊലപ്പെടുത്തിയതെന്ന് വസീം വ്യക്തമാക്കി. ഗുളിക നല്‍കുമ്പോള്‍ ചേച്ചിക്ക് അറിയില്ലായിരുന്നു അത് എന്തിനുള്ള ഗുളികയാണെന്ന്, മയക്കത്തിലായ ചേച്ചിയെ താന്‍ കഴുത്തു ഞെരിച്ചു കൊന്നു എന്നുമാണ് വസീം പൊലീസിനോട് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയകളില്‍ ചേച്ചി നടത്തിയ പ്രസ്‌താവനകളും വിവാദ വിഡിയോകളും കുടുംബത്തിന്റെ മാനം കളഞ്ഞു. മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ എന്നത്തേക്കുമായി ഇല്ലാതാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും വസീം പറഞ്ഞു.
കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ഇയാളെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാൻ ജില്ലയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ബലോച്ചിന്റെ പ്രസ്താവനകള്‍ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മോഡലിംഗ് നിര്‍ത്താനും അര്‍ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുന്നതും വസീം വിലക്കിയിരുന്നു. ഇതിനേച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്‌തിരുന്നു. ഇതോടെ മുൾട്ടാനിലുള്ള കുടുംബക്കാരിൽ നിന്നും അകന്നു നിൽക്കാൻ ബലൂച്ചി തീരുമാനിച്ചിരുന്നു.
ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ നല്കണമെന്നും ബലോച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. വരും ദിവസങ്ങളില്‍ വിദേശത്തേക്കു താമസം മാറുന്നതിനെക്കുറിച്ച് ഇവർ ആലോചിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.