സ്വവര്‍ഗാനുരാഗികളായ ദമ്പതികളെ പുരോഹിതര്‍ക്ക് അനുഗ്രഹിക്കാം; ചരിത്ര തീരുമാനവുമായി ഫ്രാന്‍സിസ് പാപ്പ

ചൊവ്വ, 19 ഡിസം‌ബര്‍ 2023 (10:35 IST)
സ്വവര്‍ഗാനുരാഗികളായ ദമ്പതികളെയും കത്തോലിക്കാ പുരോഹിതര്‍ക്ക് അനുഗ്രഹിക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ പുരോഹിതര്‍ക്ക് സ്വവര്‍ഗാനുരാഗികളായ ദമ്പതികളെ അനുഗ്രഹിക്കാമെന്ന ഫ്രാന്‍സിസ് പാപ്പയുടെ തീരുമാനത്തിനു വത്തിക്കാന്‍ അംഗീകാരം നല്‍കി. ദൈവം എല്ലാവരേയും സ്വീകരിക്കുന്നു എന്ന ആശയത്തെ പിന്‍പറ്റിയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കത്തോലിക്കാ സഭ എത്തിയത്. 
 
സഭയുടെ പതിവ് ആചാരങ്ങളുടെയും ആരാധനക്രമങ്ങളുടെയും ഭാഗമല്ലെങ്കിലും ക്രിസ്തു എല്ലാവരേയും സ്വാഗതം ചെയ്യുന്നു എന്ന വിശാലമായ കാഴ്ചപ്പാടോടെ കത്തോലിക്കാ പുരോഹിതര്‍ക്ക് സ്വവര്‍ഗാനുരാഗികളായ ദമ്പതികളെ അനുഗ്രഹിക്കാം എന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ നിലപാട്. 
 
അതേസമയം സഭ ഇപ്പോഴും സ്വവര്‍ഗ ബന്ധങ്ങളെ വസ്തുനിഷ്ഠമായി പാപമായി തന്നെ കണക്കാക്കുന്നു. അതുകൊണ്ട് സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്ക് പുരോഹിതര്‍ നല്‍കുന്ന അനുഗ്രഹങ്ങള്‍ വിവാഹ കൂദാശ ആയിരിക്കില്ല. പക്ഷേ അനുഗ്രഹം തേടി വരുന്നവര്‍ക്ക് സഭ നിഷ്‌കര്‍ഷിക്കുന്ന ധാര്‍മിക പൂര്‍ണത നിര്‍ബന്ധമാകണമെന്ന് ശഠിച്ചുകൂടാ. അതുകൊണ്ട് സഭ പാപമായി കരുതുന്ന ബന്ധങ്ങളേയും അനുഗ്രഹിക്കാന്‍ പുരോഹിതരെ അനുവദിക്കുമെന്നാണ് വത്തിക്കാന്‍ പുറത്തിറക്കിയ രേഖയില്‍ പറയുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍