പാകിസ്ഥാനില്‍ 2 ദിവസമായുള്ള ഇന്റര്‍നെറ്റ് കട്ട് ദാവൂദിന്റെ വാര്‍ത്ത മറയ്ക്കാനോ? ദാവൂദ് മരിച്ചതായും അഭ്യൂഹങ്ങള്‍

തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (12:56 IST)
കുപ്രസിദ്ധ അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ പാകിസ്ഥാനില്‍ ശനിയാഴ്ച മുതലുള്ള ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ 2 ദിവസങ്ങളായി പാകിസ്ഥാനില്‍ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാവത്ത സ്ഥിതിയാണ്. ദാവൂദിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച വാര്‍ത്തകള്‍ മറയ്ക്കുന്നതിനായാണ് ഇന്റര്‍നെറ്റ് വിച്ചേദിച്ചിരിക്കുന്നതെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ശക്തമാകുന്നത്.
 
ശനിയാഴ്ച മുതല്‍ ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. പാക് ഭരണാകൂടം ഈ വിവരം അതീവരഹസ്യമായി സൂക്ഷിച്ചെങ്കിലും ഇന്ന് രാവിലെ മുതല്‍ വാര്‍ത്ത പുറത്താവുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് മുതല്‍ ഇന്റര്‍നെറ്റ് ബന്ധം കട്ടായത് ദാവൂദിന്റെ വാര്‍ത്ത പുറത്താകാതിരിക്കാനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ദാവൂദ് അന്തരിച്ചതായുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 
പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഭീകരപട്ടികയിലുള്ള ദാവൂദ് പാകിസ്ഥാനില്‍ ഇല്ലെന്നായിരുന്നു പാക് ഭരണകൂടത്തിന്റെ വാദം. ഇതിനിടെയാണ് ഗുരുതരാവസ്ഥയില്‍ ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ പുറത്തൂവരുന്നത്. 250ല്‍ അധികം ആളുകള്‍ മരണപ്പെടുകയും 100 കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 1993ലെ മുംബൈ ബോംബാക്രമണത്തിലെ പ്രധാന സൂത്രധാരനായിരുന്നു ദാവൂദ്. ഈ ആക്രമണത്തിന് ശേഷം ദാവൂദ് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായാണ് ലഭിച്ചിരുന്ന വിവരം. എന്നാല്‍ ദാവൂദ് പാകിസ്ഥാനുലുണ്ടെന്ന വാര്‍ത്ത കാലാകാലങ്ങളായി പാക് ഭരണാധികാരികള്‍ നിരസിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍