പാരീസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിയിലായെന്ന് സൂചന

Webdunia
ബുധന്‍, 18 നവം‌ബര്‍ 2015 (13:21 IST)
പാരിസിൽ 129 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യസൂത്രധാരൻ അബ്ദൽഹമീദ് അബൗദ് പിടിയിലായതായി സൂചന. രാവിലെ പാരിസിന്റെ വടക്കൻ മേഖലയിൽ പൊലീസും ഭീകരരും തമ്മിൽ വെടിവയ്പ് നടന്നിരുന്നു. ഈ വെടിവയ്പ്പിനിടെ അബൗദ് പിടിയിലായെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ബെൽജിയത്തിൽ നടത്താനിരുന്ന ഭീകരാക്രമണം പൊളിഞ്ഞതിനെത്തുടർന്ന് അബൗദ് സിറിയയിലേക്കു താവളം മാറ്റുകയായിരുന്നു. ബെൽജിയത്തിലെ കിഴക്കൻ നഗരമായ വെർവീയേസിലാണു ഭീകരാക്രമണപദ്ധതി പൊലീസ് പൊളിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഇയാള്‍ ഗ്രീസിൽ അറസ്റ്റിലായെങ്കിലും വിട്ടയയ്ക്കപ്പെട്ടു.

അതേസമയം ഇയാള്‍ യൂറോപ്പിൽനിന്നു നൂറുകണക്കിനു ചെറുപ്പക്കാരെയാണു സിറിയയിലേക്ക് ഐഎസിൽ ചേരാനായി ആകർഷിച്ചു കൊണ്ടുപോയത്. ഇക്കൂട്ടത്തിൽ ഇയാളുടെ പതിമൂന്നുകാരനായ സഹോദരനും ഉൾപ്പെടുന്നു. സിറിയയിൽ താൻ കൊന്നൊടുക്കിയവരുടെ മൃതദേഹങ്ങൾക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

വിഡിയോയിൽ ഒപ്പമുള്ള കൂട്ടാളികളിലൊരാൾ മൃതദേഹങ്ങളിൽനിന്നുള്ള ദുർഗന്ധത്തെപ്പറ്റി പരാതി പറയുന്നുണ്ട്. മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചുമൂടാൻ പോകുന്നതിനിടെ അബൌദ് പൊട്ടിച്ചിരിക്കുന്നതും തമാശ പറയുന്നതും കേൾക്കാം. മൃതദേഹങ്ങൾ നിറച്ച പിക്കപ് ട്രക്ക് ഓടിക്കുന്ന ഇയാൾ ട്രക്കിനു പിറകിലേക്കു മൃതദേഹങ്ങൾ വലിച്ചിഴയ്ക്കുന്ന ദൃശ്യവും കാണാം.

അതിനിടെ ഫ്രാന്‍സില്‍ ഭീകരര്‍ താവളമടിച്ചിരിക്കുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് നടക്കുന്ന റെയ്ഡുകള്‍ക്കിടെ നടന്ന വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. ഒരു സ്ത്രീ സ്വയം സ്ഫോടനം നടത്തിയാണ് മരിച്ചത്. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ഭീകരാക്രമണത്തിനുശേഷം കടന്നുകളഞ്ഞ എട്ടാമത്തെ ഭീകരൻ സലാഹ് അബ്ദസ്‌ലാമിനു വേണ്ടിയുള്ള തിരച്ചിലും ശക്തമായി തുടരുകയാണ്.

അടിയന്തരാവസ്ഥ നിലനിൽക്കുന്ന ഫ്രാൻസിൽ വാറന്റില്ലാതെയുള്ള രാത്രിപരിശോധനകൾ തുടരുകയാണ്. ഒട്ടേറെപ്പേർ വീട്ടുതടങ്കലിൽ നിരീക്ഷണത്തിലാണ്.  അതേസമയം, ഐഎസ് ശക്തികേന്ദ്രമായ വടക്കൻ സിറിയയിലെ റാഖായിൽ തുടർച്ചയായ രണ്ടാം രാത്രിയും ശക്തമായ വ്യോമാക്രമണം നടത്തിയ ഫ്രഞ്ച് പോർവിമാനങ്ങൾ ഐഎസ് കമാൻഡ് സെന്ററും പരിശീലനത്താവളവും തകർത്തു. റഷ്യയും വ്യോമാക്രമണത്തിൽ പങ്കുചേർന്നു.