ലോകമെമ്പാടും ആണവായുധങ്ങള്‍ കുറയ്ക്കാനും ആണവ നിരായുധീകരണത്തിനായി പരിശ്രമങ്ങള്‍ നടക്കുമ്പോഴും പാക്കിസ്ഥാന്‍ ഏഷ്യന്‍ മേഖലയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ ആണവായുധങ്ങള്‍ നിര്‍മ്മിച്ചു കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. 2020ഓടെ ഇരുനൂറിലധികം ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ശേഷി പാക്കിസ്ഥാന്‍ നേടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അമേരിക്കയിലെ ജോര്‍ജ് മേസണ്‍ സര്‍വകലാശാലയിലെ ജോര്‍ജ് കോബ്ളെന്‍സ് എഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് പരാമര്‍ശമുള്ളത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആണവായുധ നിര്‍മാണ മേഖല പാക്കിസ്ഥാനിലാണെന്നാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. യുദ്ധവിമാനങ്ങളും ബാലിസ്റ്റിക് മിസൈലുകളുമുള്‍പ്പെടെ 11 ആണവായുധ വിക്ഷേപിണികളുടെ പണിപ്പുരയിലാണ് നിലവില്‍ പാക്കിസ്ഥാന്‍.
ഇന്ത്യയില്‍ നിന്നുള്ള ഭീഷണിക്കൊപ്പം തങ്ങളുടെ കൈവശമുള്ള ആണവായുധങ്ങള്‍ കണ്ടെത്താന്‍ യുഎസ് നടത്തിയേക്കാവുന്ന സൈനിക നീക്കത്തേയും പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുപ്പു നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദേശ കാര്യങ്ങള്‍ക്കുള്ള യുഎസ് കൌണ്‍സിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ത്യയും ചൈനയും ആണവായുധങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നിക്കം നടത്തുന്നതായും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് നിലവില്‍ 90 മുതല്‍ 110 വരെ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണുള്ളതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് വര്‍ധിപ്പിക്കന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ സ്വയം ആണവായുധ നിര്‍മ്മാണത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയും ആണവായുധ നിര്‍മാണവുമായി മുന്നോട്ടു പോകുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ 250ലധികം ആണവായുധങ്ങള്‍ ചൈനയുടെ പക്കലുണ്ടത്രെ.