മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനായ സക്കിയൂര്‍ റഹ്മാന്‍ ലഖ്വി നിരപരാധിയെന്ന് ഭീകരാക്രമണക്കേസില്‍ കുറ്റാരോപിതനായ ലഷകര്‍ ഇ തോയ്ബ സ്ഥാപക നേതാവ് ഹാഫീസ് സയീദ്. ലഖ്വിയെ പാക് കോടതി മോചിപ്പിച്ചതിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചു എന്ന വാര്‍ത്തകളോട് പ്രതികരിക്കിമ്പോഴാണ് ലഖ്വിയെ ഹാഫിസ് സയീദ് വെള്ളപൂശിയത്.
അമേരിക്കയേയും ഐക്യരാഷ്ട്ര സഭയേയും സമ്മർദ്ദത്തിലാഴ്ത്തി ലഖ്വിയെ കുറ്റവാളിയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ലഖ് വിക്കെതിരെ ഇന്ത്യയുടെ കയ്യിൽ യാതൊരു തെളിവുമില്ലെന്നും പാകിസ്ഥാൻ നിയമ സംവിധാനത്തിൽ ഇടപെടാൻ ഇന്ത്യക്ക് യാതൊരു അധികാരവുമില്ലെന്നും സയിദ് വ്യക്തമാക്കി. പാകിസ്ഥാനിലെ സ്വാകാര്യ ചാനലായ ദുനിയ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലഖ്വിയെ മോചിപ്പിച്ചതിനെതിരെ ഇന്ത്യ നല്‍കിയ പരാതി ഗൌരവമുള്ളതാണെന്നും ഇത് ചര്‍ച്ച ചെയ്യുമെന്നും ഐക്യരാഷ്ട്ര സഭ ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. സഭയുടെ സുരക്ഷാസമിതിയുടെ ഭാഗമായ പ്രത്യേക സമിതിക്കാണ് ഇന്ത്യ പരാതി നല്‍കിയത്. സ്ഥിരാംഗങ്ങളും രക്ഷാസമിതിയിലെ തെരഞ്ഞെടുത്ത അംഗങ്ങളുമാണ് ഈ സമിതിയില്‍ ഉള്ളത്. പാകിസ്ഥാന്റെ നടപടി ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നാണ് ഇന്ത്യ സമിതിയില്‍ ഉന്നയിച്ചിരിക്കുന്നത്.