പാകിസ്ഥാനിലെ വിദേശ വ്യവസായികള്‍ നാടുവിടണം: താലിബാന്‍

Webdunia
തിങ്കള്‍, 16 ജൂണ്‍ 2014 (15:41 IST)
അമേരിക്കയുടെ സഹായത്തോടെ പാകിസ്ഥാനില്‍ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരെ സൈന്യം ശക്തമായ നിടപാട് സ്വീകരിച്ചതോടെ വിദേശികളായ വ്യവസായികളോട് രാജ്യം  വിട്ടുപോകാന്‍ ഭീകരര്‍ ആഹ്വാനം ചെയ്തു.

പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദേശ നിക്ഷേപകരും വ്യോമയാന വിഭാഗവും ബഹുരാഷ്ട്ര കമ്പനികളും എത്രയും വേഗം രാജ്യം വിട്ടുപോകണമെന്നാണ്  ഭീകരരുടെ അന്ത്യശാസനം. അല്ലാത്ത പക്ഷം അവര്‍ക്കുണ്ടാകുന്ന നഷ്ടത്തിന് മറ്റാരും ഉത്തരവാദികളായിരിക്കില്ലെന്ന് പാക് താലിബാന്‍ വക്താവ് ഷഹിദുള്ള ഷഹീദ് പ്രസ്താവനയിലൂടെ അറിയിച്ചു.

തങ്ങളോട് ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വില നല്‍കേണ്ടി വരും. ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ചുട്ടെരിക്കും. പിന്നീട് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വരും അപ്പോള്‍ എല്ലാം അവസാനിച്ചിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അഫ്ഗാനിസ്ഥാനോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. താലിബാൻ തീവ്രവാദികളുടെ സ്വർഗം എന്നാണ് വടക്കൻ വസീറിസ്ഥാൻ മേഖല അറിയപ്പെടുന്നത്. ചെച്ൻ,​ ഉസ്ബെക്ക്,​ ടർക്ക്മെൻ,​ താജിക്കിസ്ഥാന,​ ഉയ്ഗുർ എന്നീ  പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളുടെയും വിഹാര കേന്ദ്രം കൂടിയാണിവിടം.