കാശ്‌മീര്‍ പ്രശ്‌നം: ഇന്ത്യയുടെ ആഗ്രഹം വ്യാമോഹമെന്ന് പാക്കിസ്ഥാന്‍
ഞായര്‍, 26 ഒക്‌ടോബര്‍ 2014 (15:01 IST)
കശ്മീര്‍ പ്രശ്നം ഇന്ത്യയ്ക്കു തോന്നിയതുപോലെ പരിഹരിക്കാമെന്ന തോന്നല്‍ വ്യാമോഹം മാത്രമാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസി. ഈ വിഷയം ഇന്ത്യ ആഗ്രഹിക്കുന്നതു പോലെ പരിഹരിക്കാന്‍ അനുവദിക്കില്ലെന്നും, ഇന്ത്യയുടെ ഇത്തരത്തിലുള്ള ശ്രമങ്ങളെ വിജയിപ്പിക്കാന്‍ പാക്കിസ്ഥാന്‍ അനുവദിക്കില്ലെന്നും സര്‍താജ് പറഞ്ഞു.
ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുകയാണ്. അതിര്‍ത്തിയില്‍ സമാധാനമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. അതൊരിക്കലും പാകിസ്ഥാന്റെ ബലഹീനതയായി കാണരുതെന്നും സര്‍താജ് അസീസി വ്യക്തമാക്കി. അതിര്‍ത്തിയിലെ വെടിവെപ്പിന് പാക്കിസ്ഥാന്‍ തിരിച്ച് പ്രതികരിക്കുക മാത്രമാണ് ചെയ്യാറുള്ളത്. ഈ പ്രശ്നം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പാക്കിസ്ഥാന്റെ ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണരേഖയിലെ ഇന്ത്യയുടെ ആക്രമണത്തെക്കുറിച്ചും മനുഷ്യവകാശം ലംഘിച്ച് കശ്മീര്‍ ഇന്ത്യന്‍ സേന കൈയടക്കി വച്ചിരിക്കുന്നതിനെക്കുറിച്ചും ലോകരാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ പാക്കിസ്ഥാന്‍ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.