അന്യഗ്രഹങ്ങളിലെ ജീവന്റെ രഹസ്യ ചുരുളുകള്‍ അഴിയാന്‍ പോകുന്നു

Webdunia
ചൊവ്വ, 21 ജൂലൈ 2015 (17:19 IST)
മനുഷ്യന്റെ ഭാവനകളിലും വിശ്വാസങ്ങളിലും മാത്രമുള്ള അന്യഗ്രഹ ജീവനേക്കുറിച്ചുള്ള വമ്പന്‍ ഗവേഷണത്തിന് കളമൊരുങ്ങുന്നു. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞനും ജീവിച്ചിരിക്കുന്ന ഇതിഹാസവുമായ സ്റ്റീഫന്‍ ഹോക്കിംഗ്സിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടക്കാനൊരുങ്ങുന്നത്. 100 മില്യണ്‍ യു.എസ്‌ ഡോളര്‍ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ഗവേഷണ ദൌത്യത്തിനായി പണം ചെലവഴിക്കുന്നത് യുഎസ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കോടീശ്വരനും സിലിക്കണ്‍ വാലി ടെക്‌നോളജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച ഗവേഷകനുമായ യൂരി മില്‍നറാണ്‌.

പദ്ധതിയിലൂടെ നിലവിലത്തെ സാഹചര്യത്തിനേക്കാള്‍ പത്തു മടങ്ങ്‌ അധികമായി ആകാശത്തിന്റെ വിസ്തൃതിയെ പഠനവിധേയമാക്കാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്‌ പുറമെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന റേഡിയോ സ്‌പെക്‌ട്രത്തെ അഞ്ചു മടങ്ങ്‌ വര്‍ധനവില്‍ നൂറു മടങ്ങ്‌ വേഗതയില്‍ സ്‌കാന്‍ ചെയ്യാനും കഴിയും. ഇതിലൂടെ ഭൂമിക്ക് പുറത്ത് അന്തരീക്ഷത്തില്‍ മിന്നിമറയുന്നു എന്ന് പറയപ്പെടുന്ന പറക്കും തളികകളേക്കുറിച്ചും അന്യഗ്രഹ ജീവനേക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

ഭൂമിക്ക്‌ സമാനമായി പ്രപഞ്ചത്തില്‍ പലയിടങ്ങളിലും ജീവന്റെ തുടിപ്പുള്ളതായാണ്‌ ശാസ്‌ത്ര ലോകത്തിന്റെ വിലയിരുത്തല്‍. ഒരുപക്ഷേ പ്രപഞ്ചത്തിലെ മറ്റൊരു സുരക്ഷിത സ്‌ഥാനത്തുനിന്ന്‌ മനുഷ്യന്‌ സമമായ പ്രഗത്ഭരായ ജീവജാലങ്ങള്‍ ഭൂമിയിലെ മനുഷ്യന്റെ പ്രവര്‍ത്തനത്തെ സസൂഷ്‌മം നോക്കിക്കാണുന്നുണ്ടാവാം. ഈ സാഹചര്യത്തില്‍ നമ്മളാല്‍ കഴിയുന്ന ഗവേഷണരീതികളിലൂടെ നാം മുന്നോട്ട്‌ പോകേണ്ടതുണ്ട്‌.

ആ വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുന്നതിനുള്ള സമയമം എത്തിക്കഴിഞ്ഞു. നമുക്ക്‌ ഇപ്പോഴും ജീവനുണ്ട്‌. നമ്മളിലും പ്രഗത്ഭരുണ്ട്‌. ഈ സാഹചര്യത്തില്‍ ഉടന്‍തന്നെ ആ വലിയ ചോദ്യങ്ങള്‍ക്ക്‌ നാം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്ന ശാസ്‌ത്ര ലോകത്തിന്‌ ഒട്ടനവധി സംഭാവനകള്‍ നല്‍കിയ സ്‌റ്റീഫന്‍ ഹോക്കിങ്‌സ് പറയുന്നു.