‘അമേരിക്കയ്‌ക്കായി ഞങ്ങള്‍ കൂടുതല്‍ സമ്മാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്’; ഹൈഡ്രജൻ ബോംബ് ഉപയോഗിക്കുന്ന കാര്യത്തില്‍ ഉത്തരകൊറിയ നിലപാട് വ്യക്തമാക്കി

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:00 IST)
ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച് ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ഉത്തരകൊറിയ അമേരിക്കയ്‌ക്കെതിരെ രംഗത്ത്. അമേരിക്കയ്‌ക്കു വേണ്ടി ഞങ്ങള്‍ കൂടുതല്‍ സമ്മാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്, അത് എത്രയും വേഗം അവര്‍ക്ക് എത്തിച്ചു നല്‍കുമെന്നും ഐക്യരാഷ്ട്ര സഭയിലെ ഉത്തര കൊറിയൻ പ്രതിനിധി ഹാൻ തേ സോംഗ് പറഞ്ഞു.

ഞങ്ങള്‍ പരീക്ഷിച്ച ഹൈഡ്രജൻ ബോംബ് അമേരിക്കയ്‌ക്കുള്ള സമ്മാനമായിരുന്നു. അവര്‍ ഞങ്ങള്‍ക്കെതിരെ പ്രസ്‌താവനകള്‍ നടത്തുകയോ സമ്മര്‍ദ്ദത്തിലാക്കാന്‍ നീക്കം നടത്തുകയോ ചെയ്‌താല്‍ കൂടുതല്‍ സമ്മാനം അമേരിക്കയ്‌ക്ക് നല്‍കുമെന്നും സോംഗ് പറഞ്ഞു. സമ്മർദ്ദവും വിരട്ടലും ഉത്തരകൊറിയയോട് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിറ്റാണ്ടുകൾ നീണ്ട അമേരിക്കൻ ആണവ ഭീഷണിയിൽ നിന്ന് മുക്‍തി നേടാന്‍ സ്വയംപ്രതിരോധം എന്ന നിലയിലാണ് ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചത്. എന്നാല്‍, ഈ ആയുധശേഖരം മറ്റൊരു രാജ്യത്തിനു മേല്‍ ഉപയോഗിക്കാന്‍ ഉത്തരകൊറിയ ഒരുക്കമല്ലെന്നും സോംഗ് പറഞ്ഞു.

ഹൈഡ്രജൻ ബോംബ് വിജയകരമായി പരീക്ഷിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും നിരായുധീകരണം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കവെ സോംഗ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍