ഉത്തരകൊറിയയിലെ തടവിൽനിന്നു മോചിതനായ യുഎസ് വിദ്യാർഥി ഒട്ടോ ഫെഡറിക് വാംബിയർ (22) മരിച്ചു. വാംബിയറിന്‍റെ വീട്ടുകാരാണ് മരണവിവരം അറിയിച്ചത്. തടവറയില്‍നിന്നു നേരിട്ട ക്രൂര പീഡനമാണു മരണ കാരണമെന്നു മാതാപിതാക്കള്‍ പറഞ്ഞു.
മോഷണക്കുറ്റം ആരോപിക്കപ്പെട്ടു തടവിലായിരുന്ന വാംബിയറിനെ 17 മാസത്തെ തടങ്കലിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണു വിട്ടയച്ചത്. തിരിച്ചെത്തിച്ചപ്പോൾ അബോധാവസ്ഥയിലായിരുന്നു വാമ്പിയര്‍. ഒഹായോയിൽ വന്നിറങ്ങിയ വിമാനത്തിൽനിന്ന് വാംബിയറിനെ താങ്ങിയെടുത്തു പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ സിൻസിനാറ്റി മെഡിക്കൽ സെന്‍ററിലേക്കു കൊണ്ടുപോവുകയായിരുന്നു.
വിദ്യാർഥിയായ വാംബിയർ ടൂറിസ്റ്റായാണ് ഉത്തരകൊറിയയിൽ എത്തിയത്. ഒരു ഹോട്ടലിലെ പ്രചാരണ ബാനർ മോഷ്ടിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത വാംബിയറെ കോടതി 15 വർഷം ലേബർ ക്യാമ്പിൽ പണിയെടുക്കാൻ ശിക്ഷിക്കുകയായിരുന്നു.
ഭക്ഷ്യവിഷബാധയ്ക്കുള്ള മരുന്നു കഴിച്ചതിനെത്തുടർന്ന് നാളുകളായി വാംബിയർ അബോധാവസ്ഥയിലായിരുന്നു. ഉത്തര കൊറിയന്‍ ക്രൂരതയുടെ ഇരയാണു വാംബിയറെന്നും ശക്തമായി അപലപിക്കുന്നെന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.