300 ടണ്‍ സ്വര്‍ണ്ണവുമായി കാണാതായ നാസികളുടെ ട്രെയിന്‍ കണ്ടെത്തി
രണ്ടാം ലോക മഹായുദ്ധകാലത്ത് ടണ്‍കണക്കിന് സ്വര്‍ണ്ണവുമായി കാണാതായ നാസി ട്രെയിന്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. പോളണ്ടില്‍ നിന്നുമുള്ള രണ്ടു പേരാണ് ട്രയിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയുധങ്ങളും സ്വര്‍ണ്ണവും മറ്റ് വിലപിടിയ്ക്കാനാവാത്ത സാധനങ്ങള്‍ ട്രെയിനില്‍ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. 1945 ല്‍ പോളിഷ് നഗരമായ വ്രോത്സാഫില്‍ നിന്നുമാണ് 300 ടണ്‍ സ്വര്‍ണ്ണവും അമൂല്യ വസ്തുക്കളുമായി പോയ ട്രയിന്‍ കാണാതായത്. ട്രെയിനിലെ ഈ അമൂല്യ നിധി ശേഖരത്തിന് ഏകദേശം 200 മില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ട്രെയിന്‍ കണ്ടെത്തിയ വാര്‍ത്ത സത്യമാണെന്നും എന്നാല്‍ ട്രെയിനുള്ളില്‍ ശത്രുക്കള്‍ കുഴിബോംബ് സ്ഥാപിച്ചിരിയ്ക്കാമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു.
രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മന്‍ തലസ്ഥാനം സോവ്യേറ്റ് യൂണിയന്‍ പിടിച്ചെടുത്തപ്പോള്‍ സാധനങ്ങള്‍ സൂക്ഷിക്കാനാണ് ട്രെയിന്‍ ഉപയോഗിച്ചിരുന്നതെന്നാണ് ചരിത്ര ഗവേഷകരുടെ അഭിപ്രായം. ജര്‍മ്മന്‍ അധിനിവേശ കാലത്ത് പോളണ്ടിലെ മ്യൂസിയങ്ങള്‍, സമ്പന്നരുടെ വീടുകള്‍, പെയിന്റിങ്‌സ് എന്നിവ നാസികള്‍ കൊള്ളയടിച്ചിരുന്നു. സോവ്യേറ്റ് പട്ടാളം ജര്‍മ്മനിയിലെത്തിയതോടെ കൊള്ളയടിച്ച സാധനങ്ങളും കുടുംബ സ്വത്തുക്കളും ട്രയിനില്‍ കടത്തുകയായിരുന്നുവെന്നും കരുതപ്പെടുന്നു.