ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു; ആറ്‌ സഹോദരന്മാരെ ഐഎസ് കഴുത്തറത്തു കൊന്നു - ഭീകരരുടെ ക്രൂരവിനോദങ്ങളെക്കുറിച്ച് നാദിയാ പറയുന്നു

Webdunia
തിങ്കള്‍, 15 ഫെബ്രുവരി 2016 (18:37 IST)
ലോകസമാധാനത്തിന് ഭീക്ഷണിയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ക്രൂരതകള്‍ വിവരിച്ച് ഇറാഖ്‌ സീഞ്ഞാറിലെ യസീദി പെണ്‍കുട്ടിയും ഇരുപത്തിയൊന്നുകാരിയുമായ നാദിയാ മുറാദ്‌ ബാസി. വടക്കന്‍ ഇറാഖിലെ സീഞ്ഞാറില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന ഞെട്ടിപ്പിക്കുന്നതും അറയ്‌ക്കുന്നതുമായ കാര്യങ്ങളാണ് ലണ്ടനിലെ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ ഹൗസില്‍ നാദിയ വെളിപ്പെടുത്തിയത്‌.  

ഐഎസിന്റെ തടവറയില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് കഷ്‌ടത അനുഭവിക്കുന്നത്. പലര്‍ക്കും മാതാപിതാക്കളെയും സഹോദരന്‍‌മാരെയും നഷ്‌ടപ്പെട്ടു കഴിഞ്ഞു. തന്റെയും അമ്മയുടെയും കണ്‍മുന്നിലിട്ടാണ്‌ ആറ്‌ സഹോദരന്മാരെയും ഐഎസ് വധിച്ചത്. തനിക്ക് എല്ലാമായിരുന്ന അമ്മയുടെ വേര്‍പാട് തന്നെ തളര്‍ത്തിയെങ്കിലും അതിലും വലിയ ക്രൂരതകള്‍ താന്‍ നേരില്‍ കണ്ടതോടെ ആ വേദന ഒന്നുമല്ലെന്നും തനിക്ക് തോന്നിയെന്നും നാദിയ വ്യക്തമാക്കി. പത്തു സഹോദരന്മാര്‍ നഷ്‌ടപ്പെട്ടവരും കൂട്ടത്തിലുണ്ടായിരുന്നു. അതിക്രൂരമായ പീഡനവും സഹിച്ച ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവര്‍ക്കും സ്വന്തമായുള്ളതെല്ലാം നഷ്‌ടപ്പെട്ടിരുന്നുവെന്നും നാദിയ പറഞ്ഞു.

മാതാപിതാക്കളെയും സഹോദരന്മാരെയും നഷ്‌ടപ്പെട്ട തന്നെ മൊസൂളിലേക്ക് കൊണ്ടു പോയി. അവിടെവെച്ച് ബലാത്സംഗം ചെയ്യപ്പെട്ടു. പലരും മാറിമാറി ഉപയോഗിക്കുകയും ശാരീരത്ത് ക്രൂരമായ രീതിയില്‍ ലൈംഗിക പരീക്ഷണം നടത്തുകയും ചെയ്‌തു. ഇതോടെ താന്‍ എല്ലാം മറക്കുകയും മരവിച്ച അവസ്ഥയില്‍ എത്തുകയുമായിരുന്നുവെന്നും നാദിയ വ്യക്തമാക്കി. 5,000 യസീദി പെണ്‍കുട്ടികളാണ് ലൈംഗിക പീഡനങ്ങള്‍ ഏറ്റുവാങ്ങി ഐഎസിന്റെ തടവറയില്‍ കഴിയുന്നത്. യസീദി സമൂഹത്തിലെ യുവതികളും പെണ്‍കുട്ടികളുമായി 3,400 യുവതികള്‍ ഇപ്പോഴും ക്രൂരമായ പീഡനങ്ങള്‍ സഹിച്ച് തടവറയില്‍ കഴിയുകയാണെന്നും അവര്‍ പറഞ്ഞു.

ലണ്ടനിലെ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ ഹൗസിലായിരുന്നു നാദിയ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്‌. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തുന്ന ക്രൂര വിനോദങ്ങളെ തുറന്നു കാട്ടിയായിരുന്നു നാദിയ തന്റെ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ വെളിപ്പെടുത്തിയത്.